നൈജീരിയയിൽ15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സ്ത്രീയുടെ മാറിടം അറത്തുമാറ്റി തീവ്രവാദികള്‍
അബുജ: നൈജീരിയന്‍ ക്രൈസ്തവരുടെ കണ്ണീരിന് അവസാനമില്ലാതെ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഫുലാനികളും മറ്റ് ഇസ്ലാമിക തീവ്രവാദികളും സമീപദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് പതിനഞ്ചോളം ക്രൈസ്തവരാണ്. കൂട്ടക്കൊലക്ക് പുറമേ ക്രൈസ്തവരായ സ്ത്രീകളുടെ സ്തനങ്ങള്‍ അറത്തുമാറ്റിയതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ‘ക്രിസ്റ്റ്യന്‍ പോസ്റ്റി’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച 11 മണിക്ക് മധ്യ-വടക്കന്‍ നൈജീരിയയിലെ ഒബി കൗണ്ടിയിലെ ഗിദാന്‍ ഇറ്റ്യോട്ടേവ് ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോസസ് സാകു, അവോണ്ടോഫാ സാകു എന്നിവരെ കൊലപ്പെടുത്തിയതിന് പുറമേ, ക്വാഗ്ദൂ സാകു എന്ന ക്രൈസ്തവ വനിതയുടെ സ്തനങ്ങളിലൊന്ന് ഫുലാനികള്‍ ഛേദിച്ചുകളയുകയായിരിന്നുവെന്ന് പ്രാദേശിക കൂട്ടായ്മയുടെ നേതാവായ ഉക്പു അബ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനയച്ച സന്ദേശത്തില്‍ പറയുന്നു. യൂണിവേഴ്സല്‍ റിഫോംഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് സമൂഹാംഗങ്ങളാണ് ഇവര്‍.
ഗ്രാമത്തില്‍ പ്രവേശിച്ച ഫുലാനികള്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കിയാന കൗണ്ടിയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഗിദാന്‍ സുലെയില്‍ ഒക്ടോബര്‍ 8-ന് നടന്ന ആക്രമണത്തില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി ടിവ് ഡെവലപ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റായ പീറ്റര്‍ അഹെംബ അയച്ച സന്ദേശത്തില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിറ്റേദിവസമാണ് കണ്ടെത്തിയത്. ഫുലാനികളാണ് ആക്രമണത്തിന് പിന്നിലെന്നു ഗ്രാമവാസികള്‍ പറയുന്നു. ഫെബ്രുവരിയില്‍ നടക്കുവാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ടിവ് ക്രൈസ്തവരെ ഒഴിവാക്കുവാനുള്ള തന്ത്രമാണ് ഈ ആക്രമണമെന്നാണ് അഹെംബ പറയുന്നത്. തൊട്ടുമുന്‍പിലെ ആഴ്ചയില്‍ കിയാന്‍ കൗണ്ടിയിലെ ക്വാര ജില്ലയിലെ അന്റ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അഹെംബ പറയുന്നു.
കഴിഞ്ഞ വര്‍ഷം (ഒക്ടോബര്‍ 1, 2020 മുതല്‍ സെപ്റ്റംബര്‍ 30, 2021 വരെ) വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് നൈജീരിയയിലാണ്. തൊട്ടുമുന്‍പിലത്തെ വര്‍ഷം 3,530 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021-ല്‍ കൊല്ലപ്പെട്ടിരിക്കുന്നത് 4,650 പേരാണെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്. 2020-ല്‍ 990 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെട്ടത് 2,500-ലധികം പേരാണ്. ദേവാലയ ആക്രമണങ്ങളുടെ കാര്യത്തില്‍ ചൈനക്ക് തൊട്ടുപിന്നില്‍ തന്നെ നൈജീരിയയുമുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുന്‍പ് ഒൻപതാം സ്ഥാനത്തായിരുന്ന നൈജീരിയയുടെ സ്ഥാനം 2022-ലെ പട്ടികയില്‍ ഏഴാമതാണ്. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി തുടരുകയാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്.