പ്രതിദിന ചിന്ത | ലോകസാമ്രാജ്യങ്ങൾ ദാനിയേലിന്റെ സ്വപ്നത്തിൽ

0

ദാനി. 7:1 “ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.”

ദാനിയേൽ കണ്ട ദർശനം (7:1-8), മശിഹായുടെ രാജ്യസ്ഥാപനം (7:9-14), സ്വപ്നത്തിന്റെ പൊരുൾ തിരിയ്ക്കൽ (7:15-28) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ അഥവാ ബി സി 553 ൽ അതായത് ബാബേലിന്റെ പതനത്തിനു സുമാർ പതിനാലു വർഷങ്ങൾക്കു മുമ്പ് ദാനിയേൽ കണ്ട അതിനിർണ്ണായകമായ ഒരു സ്വപ്നമാണിത്. സമുദ്രത്തിൽ നിന്നും കയറി വരുന്ന തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങളാണ് (7:3) സ്വപ്നത്തിന്റെ കേന്ദ്രം. സമുദ്രം എന്ന പദം ജനമഹാസമൂഹത്തെ സൂചിപ്പിക്കുന്നതാണ്. നെബൂഖദ്‌നേസർ കണ്ട ബിംബം എന്ന സ്വപ്നത്തോട് (അദ്ധ്യായം 2) സമാനത പുലർത്തുന്ന നാലു ലോക സാമ്രാജ്യങ്ങളുടെ സൂചന നൽകുന്ന മറ്റൊരു സ്വപ്നമാണിത്. ഒന്നാമത്തെ മൃഗമായ കഴുകിന്റെ ചിറകുള്ള സിംഹം (7:4) ബാബേൽ സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു. സിംഹം, ബാബേലിന്റെ രാജകീയ പ്രതാപവും കഴുകിൻ ചിറക്, ശക്തിയും വേഗതയും സൂചിപ്പിക്കുന്നു. ഒരു പാർശ്വം ഉയർത്തി വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ല് കടിച്ചു പിടിക്കുന്ന കരടി (7:5) മേദ്യ-പേർഷ്യൻ സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അതിശക്തമായ ക്രൂരതയ്ക്ക് കുപ്രസിദ്ധി നേടിയ മേദ്യ-പേർഷ്യൻ സംയുക്ത ഭരണസംവിധാനത്തിൽ പേർഷ്യയ്ക്കുള്ള മേൽക്കോയ്മയാണ് ഉയർത്തിയ പാർശ്വത്തിന്റെ സൂചന. പല്ലിന്റെ ഇടയിൽ കടിച്ചുപിടിച്ചിരിക്കുന്ന വാരിയെല്ലുകൾ ആകട്ടെ, ലിഡിയ (ബി സി 546), ബാബിലോൺ (ബി സി 539), മിസ്രയീം (ബി സി 525) എന്നീ രാജ്യങ്ങളുടെമേൽ പ്രാപിച്ച വിജയത്തെ സൂചിപ്പിക്കുന്നു. പക്ഷിയുടെതു പോലെ മുതുകത്തു നാലുചിറകും നാലു തലയുള്ളതുമായ പുള്ളിപ്പുലിയ്ക്കു സദൃശ്യമായ മൃഗം (7:6) മഹാനായ അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള ഗ്രീക്ക് സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അലക്‌സാണ്ടറിന്റെ മരണശേഷം സാമ്രാജ്യം ഏഷ്യാമൈനർ, സിറിയ, ഈജിപ്ത്, മാസിഡോണിയ എന്നീ പ്രാന്തങ്ങളായി പിരിഞ്ഞു പോയതിന്റെ സൂചനയാണ് നാലുചിറകിന്റെയും നാലു തലയുടെയും വിശദീകരണം. വലിയ ഇരുമ്പു പല്ലുണ്ടായിരുന്നതും തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്ന ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗം (7:7) റോമാ സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ന്യായവിസ്താര സഭയിൽ സിംഹാസനാരൂഢനായ വയോധികൻ ന്യായാധിപനായ ദൈവത്തെയും ആകാശമേഘങ്ങളോടെ വയോധികന്റെ അടുത്തണയുന്ന “മനുഷ്യപുത്രനോട് സാദൃശ്യനായവൻ” (7:13) മശിഹയെയും ചൂണ്ടിക്കാണിക്കുന്നു. യേശുകർത്താവിനെ “മനുഷ്യപുത്രൻ” എന്നു തിരുവെഴുത്തുകളിൽ ആദ്യമായി അഭിസംബോധന ചെയ്തിട്ടുള്ളത് ഇവിടെയാണെന്നു സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ!

പ്രിയരേ, ഏറെ വിശദീകരണ യോഗ്യമായ പ്രാവചനിക ഉള്ളടക്കമാണ് ഈ അദ്ധ്യായത്തിന്റെ ഇതിവൃത്തം. എങ്കിലും വിസ്താരഭയത്താൽ വാക്കുകൾക്ക് വിരാമമേറ്റട്ടെ! ലോക ഭരണസംവിധാനങ്ങളുടെ ചുക്കാൻ നമ്മുടെ ദൈവത്തിന്റെ കരങ്ങളിലാണെന്ന വസ്തുതാപരമായ അടിവരയിടലുകൾക്കാണ് ഈ അദ്ധ്യായം സാക്ഷ്യം വഹിക്കുന്നത്. സ്ഥാപിതമാകുവാൻ പോകുന്ന മശിഹായുടെ നിത്യരാജ്യത്വം സകലത്തെയും അടക്കി ഭരിക്കുന്ന നാളുകൾ ഇനിയും വിദൂരമല്ല; സ്തോത്രം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like