പ്രതിദിന ചിന്ത | മരുഭൂമിയിലെ ഹൃദ്യമായ സംസാരം

0

ഹോശേയ. 2:14 “അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.”

ഹോശേയയുടെ ഭാര്യയായ ഗോമേറിന്റെ പരസംഗത്തിനുള്ള ശിക്ഷയുടെ പ്രഖ്യാപനത്തിലൂടെ യിസ്രായേലിന്റെയും ശിക്ഷ പ്രഖ്യാപിക്കപ്പെടുന്നു (2:1-13), ഗോമറിന്റെ യഥാസ്ഥാപനത്തിലൂടെ യിസ്രായേലിന്റെ യഥാസ്ഥാപനവും പ്രഖ്യാപിക്കപ്പെടുന്നു (2:14-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനു യഹോവയായ ദൈവവുമായുള്ള ബന്ധം പ്രകടമാക്കുവാൻ ഭാര്യാ ഭർത്തൃ ബന്ധമാണ് ഉപമാലങ്കാരമായി ഉപയോഗിച്ചിട്ടുള്ളത്. ഗോമേർ “ജാരന്മാരുടെ പിന്നാലെ പോകുന്നു” (2:5) എന്നു കുറിയ്ക്കുന്നതിൽ നിന്നും യിസ്രായേൽ ബാലിനെയും മറ്റു കനാന്യ ദേവന്മാരെയും ആരാധിക്കുന്നു എന്ന അർത്ഥമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ചെറിയ പ്രവാചക പുസ്തകങ്ങളിലുടനീളം പ്രയോഗിച്ചിട്ടുള്ള ‘പരസംഗം’,’വ്യഭിചാരം’ ‘ജാരന്മാരുടെ പിന്നാലെ പോകുക’ മുതലായ വ്യംഗ്യാർത്ഥ പ്രയോഗങ്ങൾ യിസ്രായേലിന്റെ അന്യാരാധന അഥവാ ‘ആത്മീക വ്യഭിചാരം’ എന്ന അർത്ഥത്തിൽ പരിഗണിക്കേണ്ട പ്രമേയങ്ങളാണ്. ഗോമേറിന്റെ വ്യഭിചാരം, യിസ്രായേൽ അന്യജാതികളുമായി ഇടകലർന്നു അവിശ്വസ്തയായി പോയതിന്റെ ആലങ്കാരിക അർത്ഥമാണെന്നു സാരം! എങ്കിലും ദീർഘക്ഷമയും കരുണയുമുള്ള ദൈവം യിസ്രായേലിനെ തന്നിലേക്കു മടക്കി വരുത്തുന്നതിന്റെ അടയാളപ്പെടുത്തൽ ഈ അദ്ധ്യായത്തിന്റെ കാര്യസാരമാണ്. അതായതു, അനുകൂല പരിസരങ്ങളുടെ ഊഷ്മളതയിൽ ദൈവത്തെ ത്യജിച്ചു കളഞ്ഞ യിസ്രായേലിനെ വശീകരിച്ചു മരുഭൂമിയിലേക്ക് കൊണ്ടുപോകുന്ന ദൈവിക കാര്യപരിപാടി! തങ്ങളുടെ പ്രതാപകാലത്തു ദൈവത്തോട് അഭിമുഖമായി തീരുവാൻ മനസ്സില്ലാതിരുന്ന യിസ്രായേലിനെ മരുഭൂമിയിൽ അഥവാ പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടത്തി വിട്ടു കൊണ്ട് “ഹൃദ്യമായി” സംസാരിക്കുന്ന ദൈവത്തിന്റെ കരുണ എത്ര വലിയത്! ദൈവം അവർക്കായി കരുതിയിരുന്ന അവകാശങ്ങളും അനുഗ്രഹങ്ങളും കൈയ്യേൽകുവാൻ കഴിയാത്തവണ്ണം ജാതീയാരാധനയുടെ ഭാഗമായി കഴിഞ്ഞിരുന്ന യിസ്രായേലിന്റെ പ്രവാസകാലത്തു അവർ ദൈവത്തിങ്കലേക്കു തിരികെവരുമെന്ന സന്ദേശമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമെന്നു കുറിയ്ക്കുവാനാണ്‌ പ്രേരണ!

പ്രിയരേ, ദൈവാഭിമുഖമാകുവാൻ ഉതകുന്ന നിലയിൽ ലഭിക്കുന്ന അനുകൂല പരിസരങ്ങളുടെ സദുപയോഗമാണ് അഭികാമ്യം! മറിച്ചുള്ള അനുക്രമം ഏൽപ്പിക്കുന്ന ആഘാതങ്ങൾ ഒഴിവാക്കുവാൻ അതാൽ നമുക്കാകുമല്ലോ! എന്തായിരുന്നാലും മരുഭൂമിയിലും ഹൃദ്യമായ സംസാരം നാം ശ്രവിക്കും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like