പ്രതിദിന ചിന്ത | യാഗപീഠങ്ങളുടെ ബാഹുല്യം എഫ്രയീമിന്റെ പാപകാരണം

0

ഹോശേയ. 8:11 “എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.”

യിസ്രായേലിന്റെ അഭക്തി ന്യായവിധി ക്ഷണിച്ചു വരുത്തുന്നു (8:1-4), യിസ്രായേലിന്റെ വിഗ്രഹാരാധന വിമർശനവിധേയമാക്കുന്നു (8:5-10), യിസ്രായേലിന്റെ യാഗങ്ങളും യാഗപീഠങ്ങളും പാപഹേതുവായി എന്ന വിലയിരുത്തൽ (8:11-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പാപരിഹാരത്തിനായി ദൈവത്താൽ സ്ഥാപിതമായ സംവിധാനമായിരുന്നു യാഗങ്ങൾ. ന്യായപ്രമാണാനുസാരമായി വിവിധ സ്വഭാവത്തിലുള്ള യാഗങ്ങൾ ദൈവത്താൽ നിശ്ചയിക്കപ്പെട്ടിരുന്നു. അതിന്റെ ഭക്തിപൂർവ്വമായ അനുഷ്ഠാനങ്ങൾ ദൈവത്തോടടുക്കുവാൻ അനുതാപിക്കു മതിയായതായിരുന്നു. എന്നാൽ യാഗങ്ങളുടെയും യാഗപീഠങ്ങളുടെയും ക്രമാതീതമായ അധികരണം ദൈവാരാധനയെ ദുഷിപ്പിക്കുന്ന ഘടകമായാണ് ഇവിടെ വിലയിരുത്തപ്പെട്ടത്. യാഗങ്ങളെ പാപം ചെയ്യുവാനുള്ള ‘അനുമതിപത്രമായി’ കരുതിയുള്ള യിസ്രായേലിന്റെ ചെയ്തികൾ ദൈവം വെറുക്കുന്ന അനുക്രമായി അടയാളപ്പെടുത്തുന്നു. യാഗങ്ങളുടെ അന്തസത്ത വിസ്മരിച്ചു കൊണ്ടുള്ള യിസ്രായേലിന്റെ യാഗാർപ്പണങ്ങൾ പോലും പാപമായി കണക്കിടപ്പെടുന്ന പരിസരം ന്യായവിധിയുടെ ചടുലചലനം ഉറപ്പാക്കുന്നു എന്നാണ് എന്റെ പക്ഷം. കാരണം, ന്യായപ്രമാണം പതിനായിരം കല്പനകളായി എഴുതി ലഭിച്ചാലും അവയെ കേവലം അപൂർവ്വകാര്യമായി പരിഗണിക്കുന്ന യിസ്രായേൽ ദൈവിക ന്യായവിധിയിൽ നിന്നും എങ്ങനെ തെറ്റിയൊഴിയും! ന്യായപ്രമാണത്തെയും അതിന്റെ അനുഷ്ഠാനങ്ങളെയും അർഹിക്കുന്ന മൂല്യത്തിലും കാര്യഗൗരവത്തോടെയും കാണുവാൻ കൂട്ടാക്കാത്തതു അന്യരാധനയുടെ സമമായ നടപടിയായി യഹോവയായ ദൈവം വിലയിരുത്തുന്നു. യാഗത്തിന്റെ വിശുദ്ധിയും ആചരണത്തിന്റെ ഉദ്ദേശ്യവും കൃത്യമായി തിരിച്ചറിയുന്നതാണ്‌ ശരിയായ ആത്മീക സമർപ്പണമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

പ്രിയരേ, യാഗങ്ങളുടെ അധികരണമോ യാഗപീഠങ്ങളുടെ ബാഹുല്യമോ ദൈവപ്രസാദത്തിനുള്ള കുറുക്കുവഴിയല്ലെന്നു മാത്രമല്ല, ന്യായവിധിയുടെ വിളിച്ചു വരുത്തൽ തന്നെയാണെന്നു പ്രവാചകൻ പ്രഖ്യാപിക്കുന്നു. ആത്മീക കാര്യങ്ങളിൽ നാം പുലർത്തുന്ന ഘനഗാംഭീര്യത ആഴമായ മൂല്യങ്ങളുടെ കലവറയാണെന്ന് നാം മറന്നു പോകരുത്. കൃത്യമായ അന്തർവീക്ഷണം ഈ പ്രമേയത്തിൽ പ്രാപിച്ചെടുക്കുമ്പോഴാണ് ദൈവപ്രസാദം നമുക്ക് അനുഭവവേദ്യമാകുന്നത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like