ക്രിസ്തു വിശ്വാസത്തിനു വേണ്ടി പീഡനമേല്‍ക്കുന്നവരെ അനുസ്മരിച്ച് രക്തവർണ്ണവാരത്തിന് ആരംഭം

0

വിയന്ന: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും പീഡനമേല്‍ക്കുന്നവരെയും അനുസ്മരിച്ചു രക്തവർണ്ണവാരത്തിന് (Red Week) ഇന്ന് ആരംഭം. ഇന്ന് നവംബര്‍ 16 മുതൽ 23 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരണം നടക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് മതസ്വാതന്ത്ര്യത്തിനും മതപീഡനങ്ങൾക്കുമെതിരെ കൈകോർക്കുവാനുള്ള ആഹ്വാനവുമായി ഇത്തവണയും ആചരണം നടക്കുക. ഇന്നു ലണ്ടൻ പാർലമെന്റിൽ ‘പീഡിപ്പിക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരുമെന്ന’ മുദ്രാവാക്യം ഉയർത്തിക്കാട്ടി തുടക്കമിടുന്ന വാരാചരണത്തിൽ 2020- 2022 കാലയളവില്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിക്കും.

ഇന്നു വിയന്നയിൽ ഓസ്ട്രിയയിലെ സഭകളുടെ സഹകരണത്തോടെ രക്തസാക്ഷികളുടെ സ്മരണാർത്ഥം വിശുദ്ധ ബലിയും അർപ്പിക്കപ്പെടും. അന്താരാഷ്ട്രതലത്തിൽ ജാഗരണ പ്രാർത്ഥനകളും, ഉപവാസ പ്രാർത്ഥനായജ്ഞങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളും ഈ ആഴ്ച സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്‌, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലോവാക്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളില്‍ പ്രത്യേകം ആചരണം നടക്കും. ദിനാചരണത്തിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച ‘ചുവപ്പ് ബുധന്‍’ എന്ന പേരിലാണ് കൊണ്ടാടുക. അന്നേ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാല്‍ അലംകൃതമാകും.

You might also like