പ്രതിദിന ചിന്ത | മേയലിന്റെ തൃപ്തിയിൽ ഉയരുന്ന ഹൃദയം

0

ഹോശേയ. 13:6 “അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു.”

ബാലിനെ സേവിക്കുവാൻ തയ്യാറായതിനാൽ മരിച്ചു പോയ യിസ്രായേൽ (13:1-8), ദൈവത്തോടു മറുക്കുന്നതിന്റെ അപകട മുന്നറിയിപ്പ് (13:9-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മിസ്രയീമിൽ നിന്നും പുറപ്പെടുന്ന സമയം യിസ്രായേലിന്റെ ബാല്യകാലം (11:1-3) എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അവിടെ മുതൽ യിസ്രായേലിന്റെ സകല ചലനങ്ങളിലും അവർ ആസ്വദിച്ചു വന്നിരുന്ന ദൈവിക കരുതൽ അവരുടെ കരുത്തു തന്നെ ആയിരുന്നു. യഹോവയെ അല്ലാതെ മറ്റൊരു ദൈവത്തെയും അവർ അറിഞ്ഞിരുന്നില്ല (13:4). മരുഭൂമിയിലൂടെയും വരണ്ട നിലത്തൂടെയും അവരെ നടത്തിയ ദൈവം അവരുടെ വഴികാട്ടിയും സംരക്ഷകനും (13:5) ആയിരുന്നു. എന്നാൽ ബാൽ എന്ന ജാതീയ ദൈവത്തെ അറിയുകയും ജനത്തിന്റെ ഭക്തി അവിടേയ്ക്ക് വഴിതിരിഞ്ഞു പോകുകയും ചെയ്തപ്പോൾ “അവൻ അഥവാ യിസ്രായേൽ മരിച്ചു പോയി” (13:1) എന്നു പ്രവാചകൻ വിലയിരുത്തുന്നു. അതായത്, ദൈവത്തിൽ നിന്നുള്ള വേർപാട് ആത്മീക മരണമാണെന്ന ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിനു ഇവിടെ അടിവരയിടപ്പെടുന്നു. മേച്ചൽപ്പുറങ്ങളിലും ജലാശയങ്ങളിലും ഇഷ്ടംപോലെ മേഞ്ഞു നടന്ന യിസ്രായേൽ തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; ദൈവത്തെ മറന്നു കളഞ്ഞു (13:6). ഈ പശ്ചാത്തലം, സംരക്ഷകനായ യഹോവയായ ദൈവം തന്നെ അവരുടെ സംഹാരകനായി തീരുന്ന സ്ഥിതിവിശേഷം സംജാതമാക്കി. സിംഹത്തെപോലെയും വള്ളിപ്പുലിയെ പോലെയും കുട്ടികൾ പൊയ്പോയ കരടിയെ പോലെയും (13:7,8) യഹോവയായ ദൈവം യിസ്രായേലിനോട് എതിർപ്പെടുന്നു. അനുകൂല പരിസരങ്ങളുടെ മെച്ചമായ സ്ഥിതിവിശേഷങ്ങൾ സ്വാഭാവികമായും ഉളവാക്കുവാൻ സാധ്യതയുള്ള പ്രതിഭാസമാണ് ഹൃദയത്തിന്റെ ഉയർച്ച അഥവാ നിഗളം. ദൈവിക കരുതലുകളെ മറന്നുള്ള സ്വയത്തിന്റെ ഏതൊരു ചലനവും ദൈവത്തോടുള്ള ശത്രുത്വം ഊട്ടിയുറപ്പിക്കുന്നതായിരിക്കുമെന്ന പാഠം ഇവിടെ ചൂണ്ടികാണിക്കപ്പെടുന്നു!

പ്രിയരേ, രക്ഷിതാവായ ദൈവം ഒരുക്കിത്തരുന്ന മേച്ചൽപ്പുറങ്ങൾ ദൈവാശ്രയ ബോധത്തെ ഊട്ടിയുറപ്പിക്കുന്നതായിരിക്കണം. സ്വാഭാവികമായും ഉയർന്നു വരുവാൻ സാധ്യതയുള്ള ഹൃദയത്തിന്റെ നിഗളം ദൈവത്തിന്റെ ശത്രുത വിളിച്ചു വരുത്തുന്നതായിരിക്കുമെന്നു നാം വിസ്മരിക്കരുത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like