പ്രതിദിന ചിന്ത | മശിഹായുടെ പുനരാഗമനത്തിന്റെ മഹത്വമുള്ള പ്രത്യാശ
യോവേൽ 3:1 “ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും…..”
യഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തപ്പെടുന്ന ജാതികൾക്കെതിരായ കുറ്റപത്രം (3:1-8), വിശുദ്ധയുദ്ധത്തിനായുള്ള ആഹ്വാനം (3:9-17), യഹൂദയുടെ യഥാസ്ഥാപനവും ഭാവിയനുഗ്രഹങ്ങളും (3:18-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യിസ്രായേലിന്റെ പുനഃസ്ഥാപനം അഥവാ യഥാസ്ഥാപനം എന്ന പ്രമേയമാണ് ഒന്നാം വാക്യത്തിന്റെ കാര്യസാരം. ഈ പ്രവചനത്തിന്റെ ഭാഗികമായ നിവൃത്തീകരണം ബാബേൽ പ്രവാസത്തിൽ നിന്നുള്ള യിസ്രായേലിന്റെ മടങ്ങിവരവിൽ സംഭവിച്ചു. 3:18 മുതൽ 21 വരെയുള്ള തിരുവെഴുത്തുകളിൽ ഈ പ്രമേയം കുറിയ്ക്കപ്പെട്ടിരിക്കുന്നു. പ്രവാസത്തിൽ നിന്നും തിരികെയെത്തിയ ജനം കൃഷിയിലും മൃഗപരിപാലനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വിതയും കൊയ്ത്തും പാലുല്പാദനവും മറ്റും മുൻകാലത്തെന്നപോലെ സജീവമായി. അതു നിമിത്തം ദേശത്തിന്റെ സമൃദ്ധി ഉന്നതമാകുകയും ചെയ്തു. ഇനിയുമൊരു ചിതറിപ്പോക്കിന്റെ സാധ്യത താത്കാലികമായി അവശേഷിക്കുന്നില്ല (3:20) എന്ന സൂചനയും ഇവിടെ വ്യക്തമാക്കപ്പെടുന്നു. എന്നാൽ ചരിത്രത്തിന്റെ അപഗ്രഥനത്തിൽ യിസ്രായേൽ വീണ്ടും ചിതറിപ്പോയിട്ടുണ്ട്; സ്വന്തനാട്ടിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടിട്ടുണ്ട്. ആകയാൽ ഈ പ്രവചനത്തിന്റെ ആത്യന്തികവും സമ്പൂർണവുമായ നിവൃത്തീകരണം നമ്മുടെ മശിഹാ തമ്പുരാന്റെ നിത്യരാജ്യ സ്ഥാപനത്തിങ്കൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് നാം പഠിയ്ക്കണം. “‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്താ. 23:39) എന്ന കർത്താവിൻറെ വാക്കുകൾ ഇവിടെ ചേർത്തു ധ്യാനിച്ചാലും! സകല യഹൂദാപ്രജകളും യേശുകർത്താവിനെ “മശിഹാ” എന്ന് അംഗീകരിക്കുമ്പോൾ മാത്രമേ, മേൽപ്പറയപ്പെട്ട പ്രവചനം അക്ഷരീകമായി നിറവേറപ്പെടുകയുള്ളു. “ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും” (റോമാ. 11:26) എന്ന സ്ലീഹന്റെ ദൃഢപ്രസ്താവം ഈ വസ്തുത സാധൂകരിതമാക്കുന്നു.
പ്രിയരേ, യിസ്രായേലിന്റെ വീണ്ടെടുപ്പും യഥാസ്ഥാപനവും നമ്മുടെയും പ്രത്യാശയുടെ നിവൃത്തീകരണമല്ലേ! നമ്മുടെ മശിഹായുടെ പുനരാഗമനത്തിനായി കാലാകാലങ്ങളായുള്ള കാത്തിരിപ്പ് അധികം നീളുമെന്ന് തീരെ അഭിപ്രായമില്ല. അവിടൂന്നു വരാറായി; പ്രത്യാശയോടെ ഒരുങ്ങാമെന്ന ആഹ്വാനത്തോടെ മൂന്നു അദ്ധ്യായങ്ങളും എഴുപത്തിമൂന്നു (73) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ ഇരുപത്തൊമ്പതാമത്തെ പുസ്തകമായ യോവേൽ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.