ഓസ്ട്രേലിയയിൽ ഇലക്ട്രിക് കാറുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ വില കുറയും

0

ഓസ്ട്രേലിയയിൽ ഇലക്ട്രിക് കാറുകള്‍ക്ക് നികുതി ഇളവ് ലഭ്യമാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിനുള്ള പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കി. ഹൈബ്രിഡ് കാറുകള്‍ക്ക് 2025 വരെ മാത്രമേ ഇളവു നല്‍കൂ എന്ന ഭേദഗതിയോടെയാകും ബില്‍ പാസാക്കുക. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാന്‍ നടപടി കൊണ്ടുവരും എന്നത് ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഇലക്ട്രിക് കാറുകളുടെ 5% ഇറക്കുമതി തീരുവയും, തൊഴിലുടമകള്‍ വഴിയോ, സാലറി സാക്രിഫൈസ് വഴിയോ വാങ്ങുന്ന ഇലക്ട്രിക് കാറുകളുടെ ഫ്രിഞ്ച് ബെനഫിറ്റ് ടാക്‌സും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്. ഭേദഗതികളോടെ ഈ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ക്രോസ് ബഞ്ച് പിന്തുണ ഉറപ്പാക്കി. ഇതോടെ, ഇലക്ട്രിക് കാറുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ വില കുറയാനാണ് വഴി തുറന്നിരിക്കുന്നത്. ആഢംബര കാര്‍ ടാക്‌സിന്റെ പരിധിയില്‍ വരാത്ത ഇലക്ട്രിക് കാറുകള്‍ക്കാകും ഈ ഇളവ് ലഭിക്കുക. അതായത്, 84,916 ഡോളറില്‍ താഴെ വിലയുള്ള കാറുകള്‍ക്കാണ് നികുതി ഇളവ്.

സാലറി സാക്രിഫൈസ് വഴി ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്കാകും കൂടുതല്‍ ആനുകൂല്യം ലഭിക്കുക എന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 50,000 ഡോളര്‍ വിലയുള്ള ഒരു കാര്‍ സാലറി സാക്രിഫൈസ് വഴി വാങ്ങുന്ന ഒരാള്‍ക്ക് വര്‍ഷം 4,700 ഡോളര്‍ ലാഭമുണ്ടാകുമെന്ന്‌

ട്രഷറര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ഇത്തരമൊരു കാര്‍ നല്‍കുന്ന തൊഴിലുടമയ്ക്ക്, FBT കുറയുന്നതിലൂടെ 9,000 ഡോളര്‍ വരെയാണ് ലാഭമുണ്ടാകുക. പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 2025 വരെ മാത്രമേ ഈ ആനുകൂല്യം നല്‍കൂ എന്ന ഭേദഗതിയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഗ്രീന്‍സ് പാര്‍ട്ടിയുടെയും സ്വതന്ത്ര സെനറ്റര്‍ ഡേവിഡ് പീക്കോക്കിന്റെയും പിന്തുണയാണ് ഈ ഭേദഗതികളിലൂടെ സര്‍ക്കാര്‍ ഉറപ്പാക്കിയത്. ഇതോടൊപ്പം, സര്‍ക്കാര്‍ വകുപ്പുകളിലെ ഉപയോഗത്തിനുള്ള കാറുകളെല്ലാം ഇലക്ട്രിക് കാറുകളാക്കുമെന്ന് ഗ്രീന്‍സുമായി ധാരണയായിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സെക്കന്റ് ഹാന്‍ഡ് ഇലക്ട്രിക് കാറുകളുടെ വില കുറയാന്‍ ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വീടുകളില്‍ കാര്‍ ചാര്‍ജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് അതിന് നികുതി ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
You might also like