പ്രതിദിന ചിന്ത | നിനെവേയ്ക്കെതിരായ സംഹാരകന്റെ കടന്നുകയറ്റം
നഹൂം. 2:8 “നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.”
നിനെവേയ്ക്കെതിരായ ന്യായവിധിയുടെ പ്രഖ്യാപനം (2:1-2), ന്യായവിധിയുടെ സ്വഭാവം (2:3-10), ന്യായവിധിയുടെ സാംഗത്യം (2:11-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
നിനേവെയുടെ ആത്മീകഅധഃപതനം അനിവാര്യമാക്കിയ ന്യായവിധിയുടെ അതികഠിനമായ പ്രവചനം ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. സംഹാരകന്റെ കടന്നുകയറ്റം നിനേവെയുടെ നാശത്തിനു കാരണമാകുമെന്നു പ്രവാചകൻ മുന്നറിയിക്കുന്നു. കറയറ്റ പ്രതിരോധം തീർക്കുവാനുള്ള ആഹ്വാനമാണ് പ്രവാചകൻ മുമ്പോട്ടു വയ്ക്കുന്നത്. കോട്ടയുടെ ശക്തി വർദ്ധിപ്പിച്ചു, വഴിയുടെ ന്യൂനതകൾ പരിഹരിച്ചു, എല്ലാറ്റിലുമുപരി അരമുറുക്കി, സ്വയശാക്തീകരണത്തിന് തയ്യാറാക്കുവാൻ പ്രവാചകൻ നിനേവേയോട് സന്ദേശം അറിയിക്കുന്നു. യിസ്രായേലിന്റെ പ്രവാസം സംഭവിച്ച സ്ഥിതിക്ക് അവരുടെ മഹത്വം ഇല്ലാതായി പോയിരിക്കുന്നു. കൊള്ളയിടപ്പെട്ട യിസ്രായേൽ, നശിപ്പിക്കപ്പെട്ട ഒരു മുന്തിരിവള്ളിപോലെ ആയിത്തീർന്നിരിക്കുന്നു. നിനെവേയുടെ മേൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ന്യായവിധി യിസ്രായേലിനോടുള്ള അവരുടെ ചെയ്തികളുടെ പ്രതികാരമായി കാണുന്നതാണെനിക്കിഷ്ടം! ദൈവത്തിന്റെ അവകാശത്തിന്മേൽ കടന്നുകയറിയ അശൂർ യിസ്രായേലിനോട് ചെയ്ത പാതകം കണക്കിടപ്പെടുമെന്ന സൂചന ഇവിടെ വ്യക്തമാകുന്നു. ആകയാൽ തന്നെ, അശൂർ അഥവാ നിനെവെ തീർക്കുന്ന പ്രതിരോധ സന്നാഹങ്ങൾ വിലപ്പോകുന്ന അനുക്രമമല്ലെന്നും നാം ഓർത്തിരിക്കണം. തെറ്റാതെ നിറവേറപ്പെടുന്ന ദൈവിക ന്യായവിധിയെ തടസ്സം ചെയ്യുവാൻ തക്ക ത്രാണിയൊന്നും നിനെവേയ്ക്കില്ലെന്നും വ്യക്തമാണ്. രഥചക്രങ്ങളുടെ ചടുചടാരവവും തീപ്പന്തങ്ങൾ കണക്കെയുള്ള ചിതറിയോടലും (2:4) നഗരവീഥികളെ പ്രകമ്പനം കൊള്ളിക്കുന്നു. നിനേവെയുടെ നിരോധനകാലത്തു നഗരത്തിലൂടെ ഒഴുകുന്ന ഖോസർ നദിയുടെ ചീപ്പുകൾ അടച്ചു നീരൊഴുക്ക് നിർത്തിവച്ച മേദ്യരും ബാബിലോണ്യരുമായ ശത്രുക്കൾ കൃത്രിമ ജലക്ഷാമം ഉണ്ടാക്കുകയും സംഭരിക്കപ്പെട്ട ജലം പിന്നീട് ചീപ്പുകൾ തുറന്നു വിട്ടു ജലപ്രളയം ഉണ്ടാക്കി നഗരത്തെ നശിപ്പിച്ചു എന്നുമാണ് ചരിത്രം പറയുന്നത് (ഒ. നോ. 2:6,8). തുടർന്നു നടന്ന കൊള്ളയിടൽ നിനവേയുടെ സകലവിധത്തിലുമുള്ള നാശത്തിനു കാരണമായി തീർന്നു (2:9).
പ്രിയരേ, നിനേവെയുടെ നാശം സമ്പൂർണ്ണമായി തീർന്നു! സ്വയമൊരുക്കിയ പ്രതിരോധങ്ങൾ ഗുണകരമായ യാതൊരു പ്രതിഫലങ്ങളും ഉളവാക്കിയില്ല എന്ന വസ്തുത ചിന്തനീയമല്ലേ! ദൈവത്തെകൂടാതെയുള്ള സകല പ്രതിരോധങ്ങളും അസ്ഥാനത്താകുമെന്ന തിരിച്ചറിവ് അനുതാപത്തിലേക്കും അതിലൂടെ ന്യായവിധിയുടെ നിഴലിൽ നിന്നുള്ള വിടുതലിനും കാരണമാകുമെന്നും കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.