ക്രിസ്ത്യാനികളെ ആകർഷിക്കാൻ പുതുതന്ത്രവുമായി ബി.ജെ.പി
തിരുവനന്തപുരം: ക്രിസ്ത്യാനികളെ ആകർഷിക്കാൻ പുതുതന്ത്രവുമായി ബി.ജെ.പി. ക്രിസ്മസിന് ബി.ജെ.പി. നേതാക്കളും പ്രവർത്തകരും ‘സ്നേഹയാത്ര നടത്തുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവവിഭാഗത്തിൽപ്പെട്ട എല്ലാവീടുകളിലും നേതാക്കളും പ്രവർത്തകരും എത്തുന്നതാണ് പരിപാടി.
മുൻകാലങ്ങളിലേക്കാൾ ഈ വിഭാഗമായി ബന്ധം സുദൃഢമായിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്രിസ്മസിന് സമ്മാനവും മധുരവുമായി വീടുകളിലെത്തി ഇത് കുറേക്കൂടി ശക്തമാക്കും. ബൂത്തുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കൾ വീടുസന്ദർശനത്തിനുണ്ടാകും.
കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവ സമുദായത്തിലെ അർഹർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഘടകം നിർദേശിച്ചു. സ്നേഹയാത്ര നടത്തുന്ന ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ മനകീ ബാത്തിലും ക്രൈസ്തവർ ഇടംപിടിച്ചേക്കും. അടിസ്ഥാനനയത്തിൽ മാറ്റംവരുത്താതെ തന്നെ, ഹിന്ദുക്കളുടെമാത്രം പാർട്ടിയെന്ന പേരുദോഷം ഇല്ലാതാക്കാമെന്ന് നേതാക്കൾ കരുതുന്നു.