പ്രതിദിന ചിന്ത | നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും

0

ഹബക്കുക് 2:4 “അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.”

പ്രവാചകന്റെ ആവലാതി സംബന്ധിച്ചുള്ള യഹോവയുടെ ഉത്തരം (2:1-4), കൽദയർക്കെതിരെയുള്ള ന്യായവിധിയുടെ മുന്നറിയിപ്പ് (2:5-14), മദ്യപാനികളും വിഗ്രഹാരാധികളും ന്യായം വിധിയ്ക്കപ്പെടും (2:15-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പ്രവാചകന്റെ രണ്ടാം ചോദ്യത്തിന്റെ (1:12-17) യഹോവയുടെ ഉത്തരമാണ് ഈ അദ്ധ്യായത്തിന്റെ മുഴുവായന. നിവൃത്തിയാകുവാൻ നിയമിക്കപ്പെട്ട ദർശനത്തിന്റെ അവധിയുടെ കാത്തിരിപ്പു പ്രവാചകൻ വ്യക്തമാക്കുന്നു. ഏറെ ഉറപ്പിനായും വ്യക്തതയ്ക്കായും അത് പലകയിൽ വലിയ അക്ഷരമായി എഴുതുവാനും പ്രവാചകൻ തയ്യാറാകുന്നു. ദർശന നിവൃത്തിയുടെ ആത്യന്തികത “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന സുവർണ്ണ പ്രഖ്യാപനത്തിന്റെ ഉള്ളടക്കമായി കാണുന്നതാണെനിക്കിഷ്ടം! കല്ദയരുടെ അഹങ്കാരവും (2:4a) കവർച്ചയും രക്തച്ചൊരിച്ചിലും (2:8), അധാർമ്മികതയും മദ്യപാനവും (2:15), വിഗ്രഹാരാധനയും (2:18) അതികഠിനമായി വിമർശനവിധേയമാക്കുന്നു. മാത്രമല്ല, അത്യാഗ്രഹികളായ പലിശക്കാർ (2:6-8), ഉയരങ്ങളിൽ പാർക്കുന്നവർ എന്ന സുരക്ഷിത ബോധത്തിൽ പിടിച്ചുപറി നടത്തുന്നവർ (2:9-11), രക്തപാതകം കൊണ്ട് പട്ടണം പണിയുന്ന ഭരണാധികാരികൾ (യെഹോയാക്കീം രാജാവിനെതിരെയുള്ള വിരൽചൂണ്ടൽ) (2:12-14), വഷളത്തവും അധാർമ്മികതയും പരിപോഷിപ്പിക്കുന്ന ഉന്നതസ്ഥാനീയർ (2:15-17), വിഗ്രഹങ്ങളെ വണങ്ങുന്നവർ (2:18-20) എന്നീ വിഭാഗങ്ങൾക്കു “അയ്യോ കഷ്ടം” എന്ന ആവർത്തിച്ചുള്ള പ്രസ്താവന നിലവിലെ ധാർമ്മിക മൂല്യച്യുതികൾക്കെതിരെയുള്ള പ്രവാചകന്റെ മനോഭാവം വ്യക്തമാക്കുന്ന പ്രയോഗങ്ങളാണ്. “അയ്യോ കഷ്ടം” എന്ന പ്രയോഗം കല്ദയർക്കെതിരെ മാത്രമല്ല അന്യായവും ദുഷ്ടതയും പ്രവർത്തിക്കുന്ന ഏവർക്കും ഒരേപോലെ ബാധകമാണെന്നും വിസ്മരിക്കരുത്‍!

പ്രിയരേ, അനീതികളുടെ അതിഭയങ്കര തേർവാഴ്ച്ചാ കാലത്തും യഹോവയുടെ നീതിമാൻ വിശ്വാസത്താൽ ജീവിക്കുമെന്ന പ്രസ്താവന കാതലുള്ള ചിന്തയായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ നിയമത്താളുകളിലും (റോമാ. 1:17; ഗലാ. 3:11; എബ്രായ. 10:38,38) അതിന്റെ ചുവടു പിടിച്ചുള്ള നവീകരണ കാലയളവിലും മാത്രമല്ല, ചരിത്രത്തിന്റെ ഇടനാഴികളിൽ നീതിമാന്മാർ വിസ്മരിക്കപ്പെട്ടപോയ വിവിധ നിർണ്ണായക ഘട്ടങ്ങളിലും പ്രതീക്ഷയുടെ തീജ്വാലയ്‌ക്കു സ്ഫുരണമായി തീർന്ന തിരുവെഴുത്തായി ഈ വാക്യം നിലകൊള്ളുന്നു. അതേ, നീതിമാൻ വിശ്വാസത്താൽ മാത്രം ജീവിക്കും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like