പ്രതിദിന ചിന്ത | പ്രവാചകന്റെ ആശങ്കകളും പരിഹാരവും

0

ഹബക്കുക് 1:4 “അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.”

യഹൂദയിൽ ദുഷ്ടത തുടരുന്നതിന്റെ കാരണം പ്രവാചകൻ ആരായുന്നു (1:1-4), ഹബക്കൂകിനോടുള്ള യഹോവയുടെ ഉത്തരം (1:5-11), യഹൂദയെ ശിക്ഷിക്കുവാൻ അന്യജാതികളെ ദൈവം ഉപയോഗിക്കുന്നതിന്റെ ന്യായം പ്രവാചകൻ ആരായുന്നു (1:12-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“ആലിംഗനം ചെയ്യുന്നവൻ” എന്ന പേരിനർത്ഥമുള്ള ഹബക്കൂക്‌ പ്രവാചകൻ ബി സി 606 -604 കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണ് ഹബക്കൂകിന്റെ പുസ്തകം. ബി സി 605 ൽ നെബൂഖദ്‌നേസർ യെരുശലേം അക്രമിക്കുന്നതിനും ദാനിയേലിനെയും മറ്റു എബ്രായ ബാലന്മാരെയും പ്രവാസത്തിലേക്കു കൊണ്ടുപോകുന്നതിനും തൊട്ടുമുമ്പ് എഴുതപ്പെട്ട പുസ്തകമായി ഈ പ്രവചനത്തെ പഠിയ്ക്കാം. യഹൂദാ രാജാവായിരുന്ന യെഹോയാക്കീമിനെ സംബന്ധിച്ച യിരെമ്യാ പ്രവാചകന്റെ വാക്കുകൾ ഹബക്കുക്കും ഉപയോഗിച്ചിരിക്കുന്നതിനാൽ (യിരെ. 22:17 ഒ.നോ. ഹബ. 1:2-4) പുസ്തകം എഴുതിയ കാലഘട്ടം യെഹോയാക്കീം രാജാവിന്റെ ഭരണകാലത്തായിരുന്നു എന്നു അനുമാനിക്കാം. പുതിയനിയമ ദൈവശാസ്ത്രത്തിന്റെ ആണിക്കല്ലായ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും” (2:4) എന്ന ആപ്തവാക്യം ആദ്യമായി അവതരിപ്പിച്ചിട്ടുള്ളതും മൂന്നു (3) അദ്ധ്യായങ്ങളും അമ്പത്താറു (56) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തഞ്ചാമത്തെ (35) പുസ്തകമായ ഹബക്കൂകിന്റെ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

അനിയന്ത്രിതമായി യിസ്രായേലിൽ അഥവാ യഹൂദയിൽ പെരുകുന്ന അനീതിയോടുള്ള പ്രവാചകന്റെ കടുത്ത അലോസരം താൻ വ്യക്തമാക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ പ്രവാചകൻ അയ്യം വിളിക്കുകയും നിലവിളി ഉയർത്തുകയും ചെയ്യുന്നു. സാഹസത്താൽ നിറയപ്പെട്ട പരിസരങ്ങളെ ദൈവം “വെറുതെ നോക്കുന്നു” (1:3) എന്ന കണക്കുകൂട്ടൽ പ്രവാചകനറെ രോക്ഷം കടുപ്പിക്കുവാൻ കാരണമായി. എന്നാൽ കൃത്യമായ ന്യായവിധി ഈ പ്രമേയത്തിൽ ഉണ്ടാകുമെന്ന യഹോവയായ ദൈവത്തിന്റെ ഉത്തരം പ്രവാചക രോഷത്തെ തണുപ്പിച്ചെന്നു കരുതാം. മാത്രമല്ല, ദൈവജനത്തിന്റെ ന്യായവിധിയ്ക്കായി അന്യജാതികളെ ദൈവം ഉപയോഗിക്കുന്നു എന്ന വസ്തുതയും പ്രവചക രോക്ഷത്തിനു കാരണമായി. ദോഷവും പീഡനവും കാണുവാൻ താത്പര്യപ്പെടാത്ത നിർമ്മലദൃഷ്ടിയുള്ള ദൈവം ഈ പശ്ചാത്തലത്തിലും “വെറുതെ നോക്കുന്നു” (1:13) എന്ന ചിന്ത പ്രവാചകനെ അലോസരപ്പെടുത്തുന്നു. അതിന്റെ ഉത്തരം അടുത്ത അദ്ധ്യായത്തിന്റെ ഉള്ളടക്കമായി ചേർത്തിട്ടുണ്ട്!

പ്രിയരേ, തന്റെ ജനത്തിന്റെ മനംതിരിവിന് അവിടുത്തെ രൂപരേഖയനുസരിച്ചുള്ള പദ്ധതികൾ അവിടൂന്നു ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തും. അതിനായി വിവിധ മാധ്യമങ്ങളെ അവിടൂന്നു പ്രയുക്തമാക്കുകയും ചെയ്യും. അതേസമയം തന്റെ ഭക്തന്മാരുടെ ആശങ്കകൾ കൃത്യമായി പരിഹരിക്കുവാനും ദൈവം തയ്യാറാകുമെന്ന ഉറപ്പും ഈ കുറിപ്പിന്റെ അടിവരയാണ്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like