ബഫര്‍ സോണ്‍: താമരശേരി രൂപതയുടെ സമരത്തില്‍ സി.പി.എം നേതാക്കളും

0

താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ബഫര്‍ സോണ്‍ സമരത്തില്‍ പങ്കെടുത്ത് സിപിഎം നേതാക്കളും. ഇന്നലെ കൂരാച്ചുണ്ടില്‍ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. സമരത്തിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

അതിനിടെ ബഫര്‍ സോണ്‍ ആശങ്ക തീര്‍ക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും.

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.

ഇടുക്കി ജില്ലയിലെ ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

You might also like