“ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ഒന്നും ഭയക്കാനില്ല; പക്ഷെ” മോഹൻ ഭാഗവത്

0

ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിംകൾക്ക് ഒന്നും ഭയക്കാനില്ലെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. എന്നാൽ, തങ്ങളുടെ മേൽക്കോയ്മാ വാദം അവർ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ജി.ബി.ടിക്കാർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഭാഗവത് പറഞ്ഞു.

സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളായ ‘ഓർഗനൈസറി’നും ‘പാഞ്ചജന്യ’യ്ക്കും നൽകിയ അഭിമുഖത്തിലാണ് മോഹൻ ഭാഗവതിന്റെ അഭിപ്രായപ്രകടനം. ‘ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തന്നെ തുടരണം. ലളിതമായ യാഥാർത്ഥ്യമതാണ്. ഇന്ന് ഭാരതത്തിൽ ജീവിക്കുന്ന മുസ്‌ലിംകൾക്ക് ഒരു ദോഷവുമില്ല. തങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉറച്ചുനിൽക്കാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയാകാം. അവരുടെ മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങണമെന്നുണ്ടെങ്കിൽ അതുമാകാം. അതെല്ലാം പൂർണമായി അവരുടെ തിരഞ്ഞെടുപ്പാണ്. ഹിന്ദുക്കൾക്ക് പിടിവാശിയൊന്നുമില്ല.’-അഭിമുഖത്തിൽ ഭാഗവത് പറഞ്ഞു.

‘ഇസ്‌ലാമിന് ഒന്നും പേടിക്കാനില്ല. എന്നാൽ, മേൽക്കോയ്മാ വാദങ്ങളും കോലാഹലങ്ങളും ഉപേക്ഷിക്കണം. തങ്ങൾ ഉന്നതരായൊരു സമൂഹമാണ്, ഒരിക്കൽ ഈ ഭൂമി ഭരിച്ചവരാണ്, ഇനിയും ഭരിക്കാൻ പോകുന്നവരാണ്, തങ്ങളുടെ മാർഗം മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ്, തങ്ങൾക്ക് പരസ്പരം ഒന്നിച്ചുകഴിയാനാകില്ല എന്നു തുടങ്ങിയ ആഖ്യാനങ്ങൾ അവർ ഉപേക്ഷിക്കണം.’-മോഹൻ ഭാഗവത് വ്യക്തമാക്കി.

എൽ.ജി.ബി.ടി.ക്യുക്കാർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘ജീവിക്കാനുള്ള അനിഷേധ്യമായ അവകാശമുള്ള മനുഷ്യരാണെന്ന ചിന്തയിൽ, മാനുഷികമായ സമീപനത്തോടെ, വലിയ ബഹളങ്ങളൊന്നുമില്ലാതെ, അവർക്ക് സാമൂഹികമായ സ്വീകാര്യത നൽകാൻ വേണ്ട വഴി നമ്മൾ കണ്ടെത്തിയിട്ടുണ്ട്.’

‘നമുക്കൊരു ട്രാൻസ്‌ജെൻഡർ സമൂഹമുണ്ട്. അതൊരു പ്രശ്‌നമായി നമ്മൾ കാണുന്നില്ല. അവരൊരു സമൂഹമാണ്, അവർക്കർക്ക് അവരുടേതായ ദേവിമാരുമുണ്ട്. ഇന്നിപ്പോൾ അവർക്ക് സ്വന്തമായ മഹാമണ്ഡലേശ്വർമാരുമുണ്ട്. കുംഭമേളയ്ക്കിടയിൽ അവർക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണവർ.’

‘അസുരരാജാവായിരുന്ന ജരാസന്ധന്റെ സൈന്യാധിപന്മാരായിരുന്ന ഡിംഭകനും ഹംസനും തമ്മിൽ സ്വവർഗാനുരാഗമുണ്ടായിരുന്നു. ഡിംഭകൻ മരിച്ചുവെന്ന കൃഷ്ണന്റെ പ്രചാരണം കേട്ട് ഹംസൻ ആത്മഹത്യ ചെയ്തു. അങ്ങനെയാണ് ആ രണ്ട് സൈന്യാധിപന്മാരെയും കൃഷ്ണൻ ഇല്ലാതാക്കിയത്. ഈ കഥ എന്താണ് പറയുന്നത്? ഇതും സമാനമായ സംഗതി തന്നെയാണ്. അവർ പ്രണയത്തിലായിരുന്നു. അത്തരം ആളുകൾ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു. മനുഷ്യർ ജീവിക്കുന്ന കാലത്തോളം അത്തരം പ്രവണതകളുള്ള ആളുകളുമുണ്ടാകും. ഞാനൊരു മൃഗഡോക്ടറായതുകൊണ്ട് അത്തരം സ്വഭാവങ്ങൾ മൃഗങ്ങളിലുമുണ്ടെന്ന് അറിയാം. ഇത് ജൈവികമായ ഒരു സംഗതിയാണ്. ഒരു ജീവിതരീതിയാണ്.’

എൽ.ജി.ബി.ടി.ക്യുക്കാർക്കും അവരുടേതായ സ്വകാര്യ ഇടങ്ങളുണ്ടാകണമെന്നതാണ് ആർ.എസ്.എസ് നിലപാട്. അവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ അവർക്കുണ്ടാകണം. ഇതൊരു ചെറിയ വിഷയമാണ്. ഈ വീക്ഷണത്തെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ഈ വിഷയം പരിഹരിക്കാനുള്ള മറ്റുള്ള മാർഗങ്ങളെല്ലാം വ്യാർത്ഥമായിരിക്കും. ഇത്തരം വിഷയങ്ങളിൽ നമ്മുടെ പാരമ്പര്യ വിജ്ഞാനീയങ്ങളെയാണ് സംഘ്പരിവാർ ആശ്രയിക്കുന്നത്.’

ആയിരം വർഷത്തോളമായി ഒരു യുദ്ധത്തിലാണ് ഹിന്ദു സമൂഹം. വൈദേശികാതിക്രമങ്ങൾക്കും സ്വാധീനങ്ങൾക്കും ഗൂഢാലോചനകൾക്കുമെതിരായ ഈ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ പോരാട്ടത്തിന് സംഘ്പരിവാർ മറ്റുള്ളവരെപ്പോലെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്നുസംസാരിച്ചവർ ഒരുപാടുണ്ട്. ഇതെല്ലാം ഹിന്ദു ഉണർന്നതുകൊണ്ടുണ്ടായതാണ്. യുദ്ധത്തിലുള്ളവർ അക്രമാസക്തരാകുന്നത് സ്വാഭാവികമാണ്.

ഇപ്പോൾ മറ്റൊരു യുദ്ധത്തിലാണ് ഹിന്ദു സമൂഹം. അത് പുറത്തുനിന്നുള്ള ശത്രുവിനോടല്ല. നമുക്ക് ഉള്ളിൽനിന്നു തന്നെയുള്ള ശത്രുവിനെതിരാണ്. ഹിന്ദു സമൂഹത്തെയും ധർമത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധമാണത്. വൈദേശികാധിനിവേശക്കാർ ഇപ്പോഴില്ല. എന്നാൽ, വൈദേശിക സ്വാധീനവും ഗൂഢാലോചനകളും ഇപ്പോഴും തുടരുന്നുണ്ട്. ഇതൊരു യുദ്ധമായതുകൊണ്ട് ജനങ്ങൾ അമിതാവേശത്തിലാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. നല്ലതല്ലെങ്കിലും പ്രകോപനപരമായ പ്രസ്താവനകൾ വരാനും സാധ്യതയുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

You might also like