പ്രതിദിന ചിന്ത | ചൂളപോലെ കത്തുന്ന ഒരു ദിവസം
മലാഖി 4:2 “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.”
ദുഷ്ടന്മാർക്കുള്ള ന്യായവിധിയും നീതിമാന്മാർക്കുള്ള പ്രതിഫലവും (4:1-3), മശിഹായുടെ മുന്നോടിയായി യോഹന്നാൻ സ്നാപകന്റെ വരവ് പ്രഖ്യാപിക്കപ്പെടുന്നു (4:4-6) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പഴയ നിയമത്തിന്റെ അവസാന പുസ്തകത്തിന്റെ അവസാന അദ്ധ്യായം ആരംഭിക്കുന്നത് അവസാന നാളുകളുടെ സൂചന എടുത്തുപറഞ്ഞു കൊണ്ടാണ്! അതായത്, “ചൂള പോലെ കത്തുന്ന ഒരു ദിവസം വരും” (4:1) എന്ന പ്രസ്താവന മശിഹായുടെ വരവിന്റെ പ്രഖ്യാപനമാണ്. ലോകമെമ്പാടുമുള്ള സകല മാനവരാശിയെയും കാര്യമായി ബാധിക്കുന്ന കർത്താവിൻറെ നാളിന്റെ സൂചനയാണ് ഈ വാക്യത്തിന്റെ കാര്യസാരം. സെഫന്യാ പ്രവാചകന്റെ പുസ്തകം 1 ന്റെ 14 മുതൽ 18 വരെയുള്ള തിരുവെഴുത്തുകളുടെ സമാന്തരവായന ഇവിടെ അനിവാര്യമാണ്. അങ്കാരത്തിനും ദുഷ്പ്രവൃത്തികൾക്കും അറുതിവരുത്തുന്ന നാളായി ആ ദിവസം ചൂണ്ടികാണിക്കുന്നു. “വേരും കൊമ്പും ശേഷിപ്പിക്കാതെ ദഹിപ്പിച്ചു കളയുമെന്ന” പരാമർശത്തിൽ ദുഷ്ടതകളും ദൈവവിദ്വേഷങ്ങളും പാടേ നിർമ്മാർജ്ജനം ചെയ്യുന്ന ഒരു സംഭവത്തിന്റെ കുറിപ്പെഴുത്തായി മനസ്സിലാക്കരുതോ! എന്നാൽ ആ ദിവസം ദൈവഭക്തന്മാരെ സംബന്ധിച്ച് സൗഭാഗ്യത്തിന്റെ നാൾ തന്നെ ആയിരിക്കും. നീതിസൂര്യൻ രോഗോപശാന്തിയോടെ ഉദിക്കുന്ന ആ ദിവസം തന്റെ ഭക്തന്മാർ “തൊഴുത്തുകളിൽ നിന്നും പുറപ്പെടുന്ന പശുക്കിടാങ്ങളെ പോലെ തുള്ളിച്ചാടും” എന്നാണു പ്രവാചകൻ കുറിയ്ക്കുന്നതു. കെട്ടിയിടപ്പെട്ട ചുറ്റുപാടുകളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വിസ്തൃതിയിലേക്കു കുതിച്ചു ചാടുന്ന പശുക്കിടാങ്ങൾ പ്രകടമാക്കുന്ന ആത്മനിർവൃതി അപരിമേയമല്ലേ! ഒരു സൂര്യൻ ലോകമെമ്പാടും ചൂടും വെളിച്ചവും പകർന്നു പ്രശോഭിക്കുന്നതു പോലെ നീതിസൂര്യനാകുന്ന നമ്മുടെ കർത്താവു ലോകമെമ്പാടും നീതിയുടെ കിരണങ്ങൾ പരത്തി എന്നുമെന്നേക്കും വാഴുമെന്ന വസ്തുതയുടെ പ്രഖ്യാപനത്തിനു മാറ്റേറെയുണ്ട്!
പ്രിയരേ, അനീതിയും ദുഷ്ടതയും അഹങ്കാരവും നിർമ്മാർജ്ജനം ചെയ്തു നീതിയുള്ള ഭരണം ഉറപ്പാക്കുന്ന മശിഹായുടെ രാജ്യസ്ഥാപനം അതിവിദൂരമല്ല! ആ ദിവസത്തിന്റെ പ്രതീക്ഷയും പ്രത്യാശയും പങ്കിട്ടുകൊണ്ടു നാല് അദ്ധ്യായങ്ങളും അമ്പത്തഞ്ചു വാക്യങ്ങളുമടങ്ങിയ പഴയ നിയമത്തിലെ അവസാനത്തെ പുസ്തകവും തിരുവെഴുത്തുകളിലെ മുപ്പത്തൊമ്പതാമത്തെ (39) പുസ്‌തകവുമായ മലാഖി പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിന് വിരാമമേറ്റുന്നു.
ഒരു നല്ല ദിവസത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.