പ്രതിദിന ചിന്ത | രാജാവായി പിറന്ന ശിശു
മത്തായി 2:2 “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.”
രാജാവായി പിറന്നവനെ അന്വേഷിക്കുന്ന വിദ്വാന്മാർ (2:1-8), വിദ്വാന്മാർ യേശുവിനെ വണങ്ങുന്നു (2:8-12), ശിശുവായ യേശുവും മാതാപിതാക്കന്മാരും മിസ്രയീമിൽ; റാമയിലെ നിലവിളി (2:13-18), ഹെരോദാവിന്റെ മരണവും ഗലീലയിലേക്കുള്ള യേശുവിന്റെ മടങ്ങിവരവും (2:19-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ഹെരോദാ രാജാവ് യെരുശലേമിനെ രാജനഗരിയാക്കി റോമാ ഗവർണറായി ഭരണം (ബി സി 37 – എ ഡി 4) നടത്തി വരുന്ന പശ്ചാത്തലമാണ് ഈ അദ്ധ്യായത്തിന്റെ വായന. എദോമ്യനായ ഹെരോദാവ് യഹൂദാ കുടുംബപ്പേര് സ്വീകരിച്ച വ്യക്തിയായിരുന്നു. യേശുവിന്റെ കാലത്തെ ദൈവാലയം പണിതത് ഹെരോദാവായിരുന്നു. യേശുവിന്റെ ജനനം നടന്ന ബേത്ലെഹേം, യെരുശലേമിനു അഞ്ചു മൈൽ അഥവാ സുമാർ എട്ടു കിലോമീറ്റർ തെക്കു ഭാഗത്തു സ്ഥിതി ചെയ്തിരുന്നു. യേശുവിന്റെ ജനനത്തോടനുബന്ധിച്ചു കിഴക്കുദിച്ച ഒരു വിശേഷ നക്ഷത്രം വാനനിരീക്ഷകരായ ശാസ്ത്രജ്ഞന്മാരിൽ ഉണർത്തിയ കൗതുകം ഒരു അന്വേഷണാത്മക പഠന യാത്രയ്ക്ക് അവരെ പ്രേരിപ്പിച്ചു എന്നാണ് ഞാൻ കരുതുന്നത്! നക്ഷത്രത്തിന്റെ സഞ്ചാര പഥത്തിലൂന്നി യാത്ര ആരംഭിച്ച വിദ്വാന്മാരാകട്ടെ എട്ടു കിലോമീറ്റർ ഇപ്പുറം സ്ഥിതിചെയ്യുന്ന ഹെരോദാവിന്റെ കൊട്ടാരത്തിൽ യാത്രയ്ക്ക് താത്കാലികമായ വിരമായിട്ടു. കാരണം അവരുടെ കണക്കുകൂട്ടലിൽ രാജാവായി പിറക്കുന്നവൻ കൊട്ടാരത്തിന്റെ അകത്തളത്തിലല്ലാതെ മറ്റെങ്ങും ജനിക്കുവാൻ സാധ്യതയില്ല പോലും! കാര്യങ്ങളുടെ അന്വേഷണവും വിശകലനങ്ങളും ഹെരോദാവിൽ ഉണർത്തിയ അങ്കലാപ്പ് (2:3), “രാജാവായി പിറന്നവൻ നശിപ്പിക്കപ്പെടണം” എന്ന തീരുമാനത്തിലെത്തുവാൻ തന്നെ നിർബന്ധിച്ചു. എങ്കിലും കാര്യങ്ങളുടെ കൃത്യമായ നടപ്പിലാക്കൽ സാധ്യമാകണമെങ്കിൽ ബുദ്ധിപൂർവ്വമുള്ള നീക്കമാണു അനിവാര്യം എന്നു തിരിച്ചറിഞ്ഞ ഹെരോദാവ്, വിദ്വാന്മാരെ തന്നെ അതിന്നുള്ള ചുവടുവയ്പ്പിന്റെ ആദ്യദൗത്യം ഏൽപ്പിച്ചെന്നു കരുതുന്നതാണെനിക്കിഷ്ടം! അതിന്റെ ഭാഗമായിട്ടാണ് നക്ഷത്രത്തെ വിട്ടുപിരിയാതെ പിന്തുടർന്ന് രാജാവായി പിറന്നവനെ കണ്ടെത്തിയിട്ട് കൃത്യമായ സ്ഥാനവും ഇടവും സംബന്ധിച്ച റിപ്പോർട്ട് കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്നും അതനുസരിച്ചു രാജപരിവാരങ്ങളും രാജാവായി പിറന്നവനെ ആരാധിക്കുവാനുള്ള പദ്ധതിയുടെ ആസൂത്രണം ചെയ്യണമെന്നും രാജാവ് വിദ്വാന്മാരെ അറിയിച്ചു. വിദ്വാന്മാർ രാജാവായി പിറന്നവനെ നേരിൽ കണ്ടെങ്കിലും ദൈവിക അരുളപ്പാടുകളുടെ അടിസ്ഥാനത്തിൽ മറ്റൊരു വഴിയിലൂടെ അവർ തിരികെ പോയി.
പ്രിയരേ, രാജാവായി പിറന്നവനെ ഇല്ലായ്മയാക്കുവാൻ ഹെരോദാവൊരുക്കിയ ആസൂത്രണങ്ങൾ ശ്രദ്ധേയമല്ലേ! എക്കാലത്തും തുടരുന്ന ഇത്തരം ആസൂത്രണങ്ങൾ ഫലം കാണുകയില്ല എന്നുമാത്രമല്ല, അവിടുത്തെ നാമം എന്നുമെന്നേക്കും ആരാധിക്കപ്പെടുകയും ചെയ്യും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.