നൈജീരിയയില്‍ വൈദികനെ ചുട്ടെരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയി

0

അബൂജ: ക്രൈസ്തവരുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ചുട്ടെരിച്ചു കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ മറ്റൊരു വൈദികനെ കൂടി തട്ടിക്കൊണ്ടു പോയി. തെക്ക് – പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിലെ രൂപത വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെയാണ് ജനുവരി 14 ശനിയാഴ്ച തട്ടിക്കൊണ്ടു പോയതെന്നു രൂപത ഡയറക്ടര്‍ റവ. ഫാ. അന്തോണി ഇജാസന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ്‌ ജോര്‍ജ്ജ് ഇടവക വികാരിയാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഒലാഫിന്‍ലാഡെ. 

അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി ജനുവരി 14 ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചു വൈദികനെ തട്ടിക്കൊണ്ടുപോയതെന്നു രൂപത വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവരുടെ കുരുതിക്കളമായി നൈജീരിയ മാറിയതായി അനേകം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കുവാന്‍ ഭരണകൂടം തയാറായിട്ടില്ല. 

സായുധ കൊള്ള സംഘങ്ങളും, ബൊക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടേയും, ഫുലാനികളുടേയും ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. അക്രമങ്ങളെ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായ രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ്’ന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

You might also like