‘ഒരു ദിവസത്തെ’ പ്രാര്‍ത്ഥന കൂട്ടായ്മ ഒരാഴ്ച പിന്നിട്ടിട്ടും അവസാനിക്കുന്നില്ല: കെന്റകി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന ആഗോള ശ്രദ്ധ നേടുന്നു
കെന്റകി: കഴിഞ്ഞ ഒരാഴ്ചയായി കെന്റകി ക്രിസ്ത്യന്‍ കോളേജ് ചാപ്പലില്‍ നടന്നുവരുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മ മാധ്യമ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ആവേശത്താല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളും ഈ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മ ആശീര്‍വാദത്തോടും, ഗാനത്തോടും കൂടി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടും പിരിഞ്ഞുപോകുവാന്‍ കൂട്ടാക്കിയില്ല. ഇതാണ് പിന്നീട് വന്ന മണിക്കൂറുകളില്‍ അനേകം പേര്‍ ഏറ്റെടുത്തത്.
അവര്‍ ലോകത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും, ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുകയും, രോഗശാന്തി, സമാധാനം, നീതി എന്നിവക്കായി മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുവെന്നു കൂട്ടായ്മയില്‍ പങ്കെടുത്ത അസ്ബറി സര്‍വ്വകലാശാലയിലെ തിയോളജി പ്രൊഫസ്സറായ തോമസ് എച്ച്. മക്കാള്‍ പറഞ്ഞു. യാതൊരുവിധ സമ്മര്‍ദ്ധവും കൂടാതെയാണ് പ്രാര്‍ത്ഥന നടക്കുന്നതെന്നും, ദൈവം നിഗൂഢമായ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന്‍ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേര്‍ഡ്യു സര്‍വ്വകലാശാല, ഇന്ത്യാന വെസ്ലെയാന്‍ സര്‍വ്വകലാശാല, ഒഹായോ ക്രിസ്റ്റ്യന്‍ സര്‍വ്വകലാശാല, കെന്റക്കി സര്‍വ്വകലാശാല, കുംബര്‍ലാന്‍ഡ്സ് സര്‍വ്വകലാശാല, ട്രാന്‍സില്‍വാനിയ സര്‍വ്വകലാശാല, മിഡ്വേ സര്‍വ്വകലാശാല, ലീ സര്‍വ്വകലാശാല, ജോര്‍ജ്ജ്ടൌണ്‍ കോളേജ്, മൗണ്ട് വെര്‍നോണ്‍ നസറനേ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരുടെ എണ്ണം മൂവായിരം കവിഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലം കോളേജ് ചാപ്പലിന് പുറമേ കോളേജിലെ മറ്റ് മൂന്നു സ്ഥലങ്ങളില്‍ കൂടി കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടി വന്നതായി അധികൃതര്‍ വ്യക്തമാക്കിയിരിന്നു. പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നു സര്‍വ്വകലാശാലയുടെ പ്രസിഡന്റ് ഡോ. കെവിന്‍ ബ്രൌണ്‍ വെളിപ്പെടുത്തി.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതല്‍ ആളുകള്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയേക്കുറിച്ചു അറിഞ്ഞതെന്നു സര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റ് മാര്‍ക്ക്വിറ്റ്‌വര്‍ത്ത് പറഞ്ഞു. അസ്ബറി റിവൈവല്‍ എന്ന ടാഗോടു കൂടിയ വീഡിയോ #അസ്ബറിറിവൈവല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 2.44 കോടി ആളുകള്‍ ഈ വീഡിയോ ടിക് ടോക്കില്‍ കണ്ടിട്ടുണ്ടെന്നു എന്‍ബിസി ന്യൂസിന്റെ ഫെബ്രുവരി 15-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുന്‍പ് 1970-ലും 2006-ലും ഇത്തരം കൂട്ടായ്മകള്‍ ഈ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്.