പ്രതിദിന ചിന്ത | സമ്പത്ത് നിത്യജീവൻ പ്രാപിക്കുവാൻ തടസ്സമോ

0

മർക്കോസ് 10:21 “യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.”

വിവാഹ മോചനം സംബന്ധിച്ച യേശുവിന്റെ വ്യക്തമായ പഠിപ്പിക്കൽ (10:1-12), യേശു ശിശുക്കളെ അനുഗ്രഹിക്കുന്നു (10:13-16), നിത്യജീവൻ പ്രാപിക്കുവാൻ സമ്പത്തിലുള്ള ആശ്രയം തടസ്സമാണെന്ന യേശുവിന്റെ പഠിപ്പിക്കൽ (10:17-31), യേശുവിന്റെ മരണവും പുനഃരുത്ഥാനവും സംബന്ധിച്ചുള്ള സൂചനകൾ (10:32-34), സെബദിപുത്രന്മാരുടെ അപേക്ഷയും മറ്റു ശിക്ഷ്യന്മാരുടെ നീരസവും (10:35-45), കുരുടനായ ബർത്തിമായിയുടെ സൗഖ്യം (10:46-52) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ചെറുപ്പം മുതൽ ന്യായപ്രമാണം അണുവിടവിടാതെ അനുഷ്ടിച്ചു വന്നിരുന്ന ‘ഒരുവൻ’ യേശുവിന്റെ അടുക്കൽ വന്നു. ‘ഒരുവൻ’ എന്നു മർക്കോസ് പരിചയപ്പെടുത്തുമ്പോൾ “യൗവനക്കാരൻ” എന്നു മത്തായിയും (19:20) “ഒരു പ്രമാണി” എന്നു ലൂക്കോസും (18:18) ഈ വ്യക്തിയെ പരിചയപ്പെടുത്തുന്നു. ചുരുക്കത്തിൽ യൗവനക്കാരനും പ്രമാണിയും ധനികനുമായ ഒരുവൻ നിത്യജീവനെ അവകാശമാക്കുവാൻ എന്ത് ചെയ്യണം എന്ന ആരായലുമായി യേശുവിന്റെ സമീപേ അണഞ്ഞു. “നല്ല ഗുരോ” എന്ന അഭിസംബോധനയോടെ യേശുവിനെ സമീപിച്ച ആ യൗവനക്കാരൻ യേശുവിനെ നന്നായി മനസ്സിലാക്കിയിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചോദ്യങ്ങളുടെ കൃത്യമായ ഉത്തരം ലഭിക്കുവാൻ നല്ലഗുരുവായ യേശുവിന്റെ അടുക്കലോളം അണയുവാൻ അദ്ദേഹത്തിനുണ്ടായ തിരിച്ചറിവ് അഭിനന്ദനീയം തന്നെ! ന്യായപ്രമാണത്തിന്റെ വസ്തുനിഷ്ഠമായ ആചരണം ദൈവരാജ്യ പ്രാപണത്തിനു ഒരുവനെ യോഗ്യനാക്കുമോ എന്ന സന്ദേഹം തന്റെ വാക്കുകളിൽ നിഴലിക്കുന്നില്ലേ! യേശുവാകട്ടെ, അവനെ നിരുത്സാഹപ്പെടുത്താതെ “അവനെ നോക്കി; സ്നേഹിച്ചു” (10:21). വളരെ സമ്പത്തുള്ള ആ യൗവ്വനകാരനോട് യേശു, “ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു. തന്റെ ധനബാഹുല്യം വിട്ടുകളഞ്ഞിട്ടു മറ്റൊന്നിനും പിറകെ പോകുവാൻ, അത് യേശുവിനെ അനുഗമിക്കുന്ന കാര്യമായാലും നിത്യജീവന്റെ പ്രാപണം ആയാലും താൻ തയ്യാറല്ല എന്നാണ് തുടർവായനയുടെ ഉള്ളടക്കം. ധനത്തോടും ധനവാന്മാരോടും യേശുവിനു വിരോധം ലേശവുമില്ല; മറിച്ചു ധനത്തോടുള്ള മനോഭാവം മത്തുപിടിപ്പിച്ച മനസ്സുകളെയാണ് യേശു ഇവിടെ വിമർശിക്കുന്നത്! യേശുവിനെ അനുഗമിക്കുവാൻ തടസ്സമായതെന്തും ഉപേക്ഷിച്ചു കളയണമെന്ന പാഠത്തിനാണ് ഇവിടെ അടിവരവീഴുന്നതു.

പ്രിയരേ, ധനവാന്മാരാകുന്നതിൽ തെറ്റൊന്നുമില്ല; എന്നാൽ അത്തരം പരിസരങ്ങൾ ഒരുവനിൽ ഏൽപ്പിക്കുവാൻ സാധ്യതയുള്ള സ്വയാശ്രയബോധം അവനെ ദൈവാശ്രയബോധത്തിൽ നിന്നും വികർഷിച്ചു കളയുവാൻ അനുവദിച്ചുകൂടാ! അങ്ങനെ ആകുന്ന പക്ഷം, ക്രിസ്താനുഗമനത്തിന്റെ പാതയിൽ സഞ്ചരിക്കുവാൻ അവനു സാധിക്കാതെ വരികയും നിത്യജീവനിൽ നിന്നും അവൻ പരിത്യജിക്കപ്പെടുകയും ചെയ്യുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like