കെന്റക്കിയിലെ ഫയര്‍ സ്റ്റേഷനില്‍ പ്രോലൈഫ് സംഘടന സ്ഥാപിച്ച ബേബി ബോക്സില്‍ ആദ്യ അതിഥി

0

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയില്‍ പ്രോലൈഫ് സംഘടന സ്ഥാപിച്ച ‘ബേബി ബോക്സ്’ല്‍ ഉപേക്ഷിക്കപ്പെട്ട കുരുന്നിനു പുതുജീവിതം. കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ കഴിയാത്ത സാഹചര്യമോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഉള്ള അമ്മമാര്‍ക്ക് നിയമപരമായും, രഹസ്യമായും കുട്ടികളെ നിക്ഷേപിക്കുവാനായി പ്രോലൈഫ് സംഘടനയായ ‘സേഫ് ഹാവെന്‍ ബേബി ബോക്സ് ഓര്‍ഗനൈസേഷന്‍’ സ്ഥാപിച്ചിട്ടുള്ള ‘ബേബി ബോക്സ്’ല്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബൗളിംഗ് ഗ്രീന്‍ നഗരത്തിലെ ഫയര്‍ സ്റ്റേഷന് മുന്നില്‍ സംഘടന സ്ഥാപിച്ചിരുന്ന ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സില്‍ നിക്ഷേപിക്കപ്പെട്ട ആദ്യ ശിശുവാണിത്. പ്രോലൈഫ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി ശിശുവിനെ പുറത്തെടുക്കുകയായിരുന്നു. 

ഫയര്‍ സ്റ്റേഷനുകളുടെയും, ആശുപത്രികളുടെയും കെട്ടിടത്തിന്റെ ഭിത്തിയോട് ചേര്‍ന്നാണ് ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരിക്കല്‍ പൂട്ടിയാല്‍ പിന്നെ പുറത്തുനിന്നും തുറക്കുവാന്‍ കഴിയാത്ത തരത്തിലുള്ള പെട്ടികളാണ് ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സുകള്‍. കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും തുറക്കുവാന്‍ കഴിയുന്ന ബോക്സില്‍ നിന്നും വൈദ്യരംഗത്ത് ജോലിചെയ്യുന്നവരോ, പരിശീലനം ലഭിച്ച അഗ്നിശമനസേനാംഗങ്ങളോ ആണ് ശിശുക്കളെ പുറത്തെടുക്കുക. 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുന്ന ഈ ബോക്സില്‍, താപനില ക്രമീകരിക്കുന്നതിനും, കുട്ടിയെ നിക്ഷേപിച്ച് കഴിയുമ്പോള്‍ അലാറം മുഴക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ കുട്ടിയെ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഉടനെ ബന്ധപ്പെട്ടവര്‍ക്ക് അലാറം ലഭിക്കും.

അതേസമയം കുട്ടിയുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായിരിക്കും. തങ്ങള്‍ രക്ഷിച്ച ശിശു ആരോഗ്യവതിയായിരിക്കുന്നെന്ന് സേഫ് ഹാവെന്‍ ബേബി ബോക്സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകയായ മോണിക്ക കെല്‍സി അറിയിച്ചു. ശിശുവിനെ നിക്ഷേപിച്ച അമ്മക്ക് ആഗ്രഹമുണ്ടെങ്കില്‍ സൗജന്യ കൗണ്‍സലിംഗും, ശിശുവിന്റെ ആരോഗ്യപരിപാലനത്തിനു വേണ്ട സഹായങ്ങളും നല്‍കാമെന്നും കെല്‍സി പറഞ്ഞു. പ്രതിസന്ധിയിലായ അമ്മമാര്‍ക്ക് കുട്ടികളെ സുരക്ഷിതമായി കൈമാറുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ച വിദഗ്ദരുമായി സംസാരിക്കുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ സൗകര്യം തങ്ങള്‍ക്കുണ്ടെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  

2016-ലാണ് ആദ്യത്തെ ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഏതാണ്ട് നൂറ്റിഇരുപതോളം കുട്ടികളെ ഇതുവഴി രക്ഷിക്കുവാനും, അഞ്ഞൂറോളം ഗര്‍ഭവതികളെ ടെലിഫോണ്‍ കൗണ്‍സലിംഗ് വഴി പ്രെഗ്നന്‍സി സഹായ കേന്ദ്രങ്ങളില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2021-ൽ കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ സേഫ് ഹാവെന്‍ ബേബി ക്രേറ്റ് ആക്റ്റ്’നിയമത്തില്‍ ഒപ്പുവെച്ചിരുന്നു. ജനിച്ചതിന് ശേഷം 30 ദിവസങ്ങള്‍ കഴിഞ്ഞ കുട്ടികളെ നിയമപരമായി ഉപേക്ഷിക്കുവാനായി ബോക്സുകള്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്‍കുന്ന നിയമമാണിത്. കെന്റക്കിക്ക് പുറമേ, ഇന്ത്യാന, ഒഹായോ, പെന്നിസില്‍വാനിയ, അര്‍ക്കന്‍സാസ്, അരിസോണ എന്നിവിടങ്ങളിലും സംഘടന ബേബി ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

You might also like