പ്രതിദിന ചിന്ത | സ്വജനതയാൽ തിരസ്കൃതനായ യേശു

0

ലൂക്കോസ് 4:17-19 “യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.”

യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നു (4:1-13), നസ്രേത്തിലെ സിന്നഗോഗിൽ തിരുവെഴുത്തുകൾ വായിക്കുന്ന യേശു (4:14-30), ഭൂതങ്ങളുടെമേൽ അധികാരം നടത്തുന്ന യേശു (4:31-37), പത്രോസിന്റെ അമ്മാവിയമ്മ ഉൾപ്പെടെ നിരവധി ആളുകൾ സൗഖ്യമാകുന്നു (4:38-44) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പിശാചിനാൽ പരീക്ഷിക്കപെട്ട യേശു, ആത്മാവിന്റെ ശക്തിയോടെ ഗലീലയിലും (4:14) തുടർന്നു താൻ വളർന്ന നസ്രേത്തിലും വന്നു (4:15). ശബ്ബത്തു നാളിൽ സിനഗോഗിൽ പതിവുപോലെ തിരുവെഴുത്തുകൾ വായിക്കുവാൻ എഴുന്നേറ്റ യേശു തന്നെസംബന്ധിച്ചുള്ള യെശയ്യാ പ്രവാചകന്റെ മുൻകുറിപ്പു അഥവാ പ്രവചനം (61:2) പരസ്യമായി വായിച്ചു “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” (4:21) എന്ന ഉപസംഹാരത്തോടെ അവസാനിപ്പിച്ചു. ഈ അനുക്രമം സിനഗോഗിൽ സന്നിഹിതരായവരിൽ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. ചിലർ യേശുവിനെ പുകഴ്ത്തിയപ്പോൾ (4:22) മറ്റുചിലരാകട്ടെ കോപാക്രാന്തരായി യേശുവിനെ കൊല്ലുവാൻ ശ്രമം (4:28-30) നടത്തി. അതിനുണ്ടായ മറ്റൊരു കാരണം കൂടെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായതു, യേശുവിനോടുള്ള സ്വഗ്രാമക്കാരുടെ മനോഭാവം (4:23-24) നിഷേധാത്മകമായിരുന്നു. അതിനെ യേശു നന്നായി വിമർശിക്കുകയും ചെയ്തു (4:25-27). ഏലീയാവിന്റെ കാലത്തു സംഭവിച്ച ക്ഷാമത്തിൽ യിസ്രായേലിൽ അസംഖ്യം വിധവമാർ ഉണ്ടായിരുന്നിട്ടും സരെപ്തയിലെ ഒരൊറ്റ വിധവയുടെ അടുക്കൽ പ്രവാചകൻ അയക്കപ്പെട്ടതും യിസ്രായേലിൽ അനവധി കുഷ്ഠരോഗികൾ ഉണ്ടായിരുന്നിട്ടും അന്യജാതിക്കാരനായ ഒരു നയമാൻ സൗഖ്യമായതിന്റെയും സാംഗത്യം യേശു ചൂണ്ടിക്കാണിച്ചതു യഹൂദാ ജനതയുടെ സ്വത്വത്തിനേറ്റ അതികഠിന പ്രഹരമായിട്ടാണ് ഞാൻ കരുതുന്നത്. ന്യായപ്രമാണത്തിന്റെ കാവലാളുകൾ എന്നു ഊറ്റം കൊള്ളുമ്പോഴും ന്യായപ്രമാണത്തോടു തീരെ പറ്റുമാനം ചെയ്തികളിൽ യഹൂദൻ കാണിക്കുന്നില്ല എന്ന വസ്തുത യേശുവിന്റെ രോക്ഷത്തിനു കാരണമായെന്നാണ് ഞാൻ കരുതുന്നത്. ലോകരക്ഷകനായി ദൈവത്താൽ അയക്കപ്പെട്ട യേശുവിനെ അംഗീകരിക്കുവാൻ യഹൂദൻ കാണിച്ച വൈമനസ്യം യേശു വിമർശ വിധേയമാക്കിയപ്പോൾ യേശുവിനെ കൊന്നുകളയുവാൻ അവർ നടത്തിയ ശ്രമം നിർഭാഗ്യകരം എന്നല്ലാതെ എന്തു പറയാൻ!

പ്രിയരേ, യേശുവിനെ അടുത്തുകിട്ടിയിട്ടും അവിടുത്തെ അംഗീകരിക്കുവാൻ യഹൂദൻ കാണിച്ച വൈമനസ്യം ഒരു ചൂണ്ടുപലകയായി കാണുന്നതാണ് യുക്തം. ദൈവപുത്രനായ യേശുവിനെ രക്ഷിതാവായി തിരിച്ചറിയുന്ന ജനം ഭാഗ്യമുള്ളവർ തന്നേ; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like