പ്രതിദിന ചിന്ത | യേശു ഇറങ്ങിച്ചെന്ന രണ്ടു സമൂഹങ്ങൾ

0

ലൂക്കോസ് 5:32 “ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു” എന്നു ഉത്തരം പറഞ്ഞു.”

പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ വിളി (5:1-11), കുഷ്ഠരോഗിയുടെ സൗഖ്യം (5:12-16), പക്ഷവാതക്കാരന്റെ സൗഖ്യം (5:17-26), ലേവി അഥവാ മത്തായിയുടെ വിളി (5:27-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

രണ്ടു വ്യത്യസ്ത സമൂഹങ്ങളുടെമേൽ യേശു വരുത്തിയ പരിവർത്തനത്തിന്റെ കാര്യസാരമായ വായനയാണ് ഈ അദ്ധ്യായം. ഗന്നേസരേത്ത് അഥവാ ഗലീല കടല്പുറം പരിചയസമ്പന്നരായ മീൻപിടുത്തക്കാരുടെ നിവാസസ്ഥാനം ആയിരുന്നു. പത്രോസ്, സെബദിയും പുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരും അടങ്ങിയ മീൻപിടുത്തക്കാരെ യേശു കണ്ടുമുട്ടുന്നു. പത്രോസിന്റെ പടകുകളിൽ ഒന്നിൽ യേശു കയറി (5:3) എന്ന പ്രയോഗത്തിൽ നിന്നും നിരവധി മത്സ്യബന്ധന പടകുകളുടെ ഉടമയായിരുന്നു പത്രോസ് എന്നു ന്യായമായി കരുതാം. രാത്രിമുഴുവനും നീണ്ടുനിന്ന മത്സ്യബന്ധന അദ്ധ്വാനങ്ങൾക്കൊടുവിൽ ഒന്നും പിടിക്കാതെയുള്ള ശിമോന്റെ ഇരുപ്പിനിടയിലാണ് യേശുവിന്റെ ആഗമനവും സംഭാഷണവും പുരോഗമിച്ചത്. മുക്കുവ പശ്ചാത്തലത്തിൽ നിന്നും അന്യനായ ഒരുവൻ ആഴത്തിലേക്കു നീക്കി വലയിറക്കുവിൻ (5:4) എന്നു ആവശ്യപ്പെട്ടപ്പോൾ സാധ്യതകൾ ഒന്നുമില്ലെങ്കിലും “നിന്റെ വാക്കിനു വലയിറക്കാം” (5:5) എന്ന പത്രോസിന്റെ പ്രതിവചനം വലിയ മാറ്റങ്ങൾക്കാണ് വഴിതെളിയിച്ചതു. പെരുത്തമീൻകൂട്ടം വലയിൽ കുടുങ്ങി എന്നുമാത്രമല്ല, “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ” എന്ന ഏറ്റുപറച്ചിലോടെ (5:8) താൻ യേശുവിന്റെ കാൽക്കൽ വീണു! അതിന്റെ ഫലമായി സെബദിപുത്രന്മാരും (5:10) യേശുവിന്റെ ശിക്ഷ്യന്മാരായി തീർന്നു. ലേവി അഥവാ മത്തായി ഉൾപ്പെട്ടു നിന്നിരുന്ന ചുങ്കക്കാരുടെ സമൂഹമായിരുന്നു യേശു സ്വാധീനിച്ച രണ്ടാമത്തെ സമൂഹം. “എന്നെ അനുഗമിക്കുക” (5:27) എന്ന യേശുവിന്റെ ശബ്ദത്തോട് മത്തായി സകലവും വിട്ടു യേശുവിനെ അനുഗമിച്ചുകൊണ്ടു പ്രതികരണം നടത്തി. ലേവി തന്റെ വീട്ടിൽ യേശുവിനു ഒരുക്കിയ വിരുന്നിൽ തന്റെ സ്നേഹിതരായ ചുങ്കക്കാരുടെ ഒരു വലിയ കൂട്ടം പങ്കെടുക്കുകയും യേശുവിന്റെ ഉപദേശത്തിനു കാതോർക്കുകയും ചെയ്തു.

പ്രിയരേ, സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികാടിസ്ഥാനത്തിലും തുടരുന്ന വൈജാത്യങ്ങളുടെയും വൈരുധ്യങ്ങളുടെയും അതിർ വരമ്പുകളെ പൊളിച്ചെഴുതുന്ന പ്രവർത്തന ശൈലിയായിരുന്നു യേശു വച്ച മാതൃക. അതിനാൽ രൂപപ്പെട്ടതാകട്ടെ, സമൂലമായ സാമൂഹിക മാറ്റവും ക്രിസ്താനുഗമനത്തിന്റെ ഉദാത്ത മാതൃകയും ആയിരുന്നു. അതേ, എക്കാലത്തും പിന്തുടരുവാൻ കൊള്ളാവുന്ന ഉത്തമമാതൃക!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like