പ്രതിദിന ചിന്ത | മരണാനന്തരമുള്ള രണ്ടു പ്രാപ്യങ്ങൾ
ലൂക്കോസ് 16:23 “ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു.”
അനീതിയുള കാര്യവിചാരകന്റെ ഉപമ (16:1-12), പരീശന്മാരുടെ ദ്രവ്യാഗ്രഹം പരിഹസിക്കപ്പെടുന്നു (16:13-18), ധനവാന്റെയും ലാസറിന്റെയും ജീവിതവും മരണവും മരണാനന്തരവും (16:19-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
മരണാനന്തരം എന്ത്? എന്ന മാനവ ഹൃദയങ്ങളുടെ ജിജ്ഞാസയെ യഥാവിധം തൃപ്തിപ്പെടുത്തുന്ന യുക്തിസഹമായ യേശുവിന്റെ ഉത്തരമാണു ഈ അദ്ധ്യായത്തിലെ കാര്യസാരമായ വായനകളിലൊന്ന്. ഈ പ്രമയത്തിൽ യേശു നൽകുന്ന വിശദീകരണത്തോളം വിശ്വാസ്യവും ആധികാരികവുമായ മറ്റൊരു പാഠവും നാളിതുവരെ ലഭ്യമായിട്ടുമില്ല. ദൈവിക വിഷയത്തിൽ ജീവിതകാലത്തു പുലർത്തുന്ന വൈജാത്യങ്ങൾ മരണാന്തര ജീവിതത്തോട് ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാതൽ പ്രമേയം ധനവാനും ലാസറും എന്ന പാഠത്തിലൂടെ യേശു ചർച്ചാവിഷയമാക്കുന്നു. ധനവാൻ കരുണയുള്ളവനും ദീനാനുകമ്പയുള്ളവനും ആയിരുന്നു എന്നു ചിന്തിക്കുവാൻ ഉതകുന്ന പ്രസ്താവനയാണ് ലാസറിനെ തന്റെ പടിപ്പുരയ്ക്കൽ കിടക്കുവാനും തന്റെ മേശയിൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്നുവാനും മാത്രമല്ല ലാസറിന്റെ വ്രണം നക്കുവാൻ നായ്ക്കളെ അനുവദിച്ചതും! പ്രകൃതിയുടെ നിയമം ഒരിക്കൽ മരണം എന്നതാണെങ്കിൽ ദൈവത്തിന്റെ നിയമം ഒരു ന്യായവിധികൂടെ (എബ്രായ. 9:27) ചേർന്നു വരുന്നതാണ്. ഇരുവരും മരിച്ചു; ഇരുവരുടെയും ആത്മാവ് അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ യഥാക്രമം അബ്രഹാം പിതാവിന്റെ മടിയിലും യാതനാസ്ഥലത്തും എത്തി ചേർന്നു. മരണശേഷവും നിലനിൽക്കുന്ന അസ്തിത്വം പ്രത്യേകമായി യേശു ചൂണ്ടിക്കാണിക്കുന്നു. പരസ്പരമുള്ള തിരിച്ചറിയൽ (16:23), ലാസറിനു ലഭിച്ച ആശ്വാസവും ധനവാനു ലഭിച്ച വേദനയും (16:25) സഹോദരന്മാരെ സംബന്ധിച്ചുള്ള ഓർമ്മയും കരുതലും (16:28), താൻ കേട്ട് മറുതലിച്ച മാനസാന്തരത്തിന്റെ പ്രവാചക ശബ്ദങ്ങൾ ഓർക്കുന്നത് (16:30) മുതലായവ അതിനുള്ള തെളിവുകളല്ലേ! മാനസാന്തരപ്പെടലിനോടുള്ള വൈമുഖ്യമാണ് യാതനാ സ്ഥലത്തു തന്നെ കൊണ്ടെത്തിച്ചതെന്ന തിരിച്ചറിവ് വരികളിലെ വായനയായി ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!
പ്രിയരേ, ആയുസ്സും ജീവിതവും കേവലം ഒരിക്കൽ മാത്രം ദൈവത്തിൽ നിന്നും ലഭിക്കുന്ന ദാനമാണ്. അതിനോടുള്ള കൃത്യമായ സമീപനമാണ് മരണാനന്തര ജീവിതത്തിന്റെ പ്രാപ്യസ്ഥാനം നിർണ്ണയിക്കുന്നത്. ക്രിസ്തുസഹിതമായ നിത്യതയും ക്രിസ്തു രഹിതമായ നിത്യതയും ഇങ്ങനെ രണ്ടു പ്രാപ്യങ്ങളല്ലാതെ മറ്റൊന്നില്ല എന്നതാണ് യേശുവിന്റെ ഉപമയുടെ താത്പര്യം. ആകയാൽ കൃത്യമായ ക്രമീകരണങ്ങളോടെ ദൈവാനുരൂപമായ ജീവിതം ഉറപ്പാക്കുന്നതാണ് ക്രിസ്തുവിനോടൊപ്പം സൗഭാഗ്യകരമായ നിത്യത പങ്കിടുവാനുള്ള ഏക മാർഗ്ഗം!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.