പ്രതിദിന ചിന്ത | യേശുവിനെ കണ്ട സക്കായിയും സക്കായിയെ കണ്ട യേശുവും
ലൂക്കോസ് 19:5 “അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.”
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായിയുടെ മാനസാന്തരം (19:1-10), താലന്തുകളുടെ ഉപമ (19:11-27), കഴുതക്കുട്ടിയുടെ പുറത്തു യേശു യെരൂശലേമിലേക്കു പ്രവേശിക്കുന്നു (19:28-40), യെരുശലേമിന്റെ സന്ദർശനവും നാശവും യേശുവിന്റെ പ്രവചന വാക്കുകളിൽ (19:41-44), യെരുശലേം ദൈവാലയത്തിന്റെ ശുദ്ധീകരണം (19:45-48) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
വേദപഠന പാഠ്യക്രമങ്ങളിലും സുവിശേഷപ്രഘോഷണ വേദികളിലും സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന സംഭവമാണ് ചുങ്കക്കാരിൽ പ്രമാണിയും ധനവനുമായ സക്കായിയുടെ മാനസാന്തരം. വർച്ചയിൽ കുറുകിയവൻ അഥവാ ശാരീരികമായി പൊക്കം കുറഞ്ഞവൻ ആയിരുന്നു സക്കായി. അതേസമയം ധനികനും റോമാ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ചുങ്കം പിരിവിന്റെ ഉയർന്ന ഉദ്യോഗസ്ഥനും ആയിരുന്നു സക്കായി. യേശു എങ്ങനെയുള്ളവൻ എന്നു കാണുവാനുള്ള (19:3) ശ്രമമാണ് സക്കായിയെ പ്രസിദ്ധനാക്കിയത്. പൊക്കക്കുറവ് എന്ന ന്യൂനതയെക്കാൾ പുരുഷാരത്തിന്റെ ബാഹുല്യമാണ് യേശുവിനെ സക്കായിയുടെ കാഴ്ച്ചയിൽ നിന്നും മറച്ചതെന്നാണ് ഞാൻ കരുതുന്നത്. യേശുവിനെ കാണുവാൻ നടത്തിയ സകല ശ്രമങ്ങളിലും പുരുഷാരം യേശുവിനെ മറച്ചു കളഞ്ഞതിനാൽ തടസ്സങ്ങളെ അതിജീവിച്ചു യേശുവിനെ എങ്ങനെ കാണാം എന്നതായി സക്കായിയുടെ അടുത്ത ചിന്ത. അതിനനുയോജ്യമായ ഒരു രീതിയുടെ ആവിഷ്ക്കാരം എന്ന നിലയിലാണ് യേശുവരുന്ന പാതയിലൂടെ പുരുഷാരത്തിന്റെ മുമ്പെയുള്ള സക്കായിയുടെ ഓട്ടവും വഴിയരികെ കണ്ട കാട്ടത്തിയുടെ മുകളിലേക്കുള്ള തന്റെ കയറ്റവും. യേശുവിനെ കാണുക എന്ന ലക്ഷ്യത്തിൽ പുരുഷാരത്തിന്റെ മുമ്പേ ഓടുക, പുരുഷാരത്തിന്റെ ഉയർച്ചയ്ക്ക് മുകളിൽ നിലയുറപ്പിക്കുക എന്നീ കർമ്മണ്യങ്ങൾക്കു തയ്യാറായ സക്കായി യേശുവിനെ കാണുക മാത്രമല്ല, യേശു തന്റെ വീട്ടിൽ എത്തി ആ രാത്രിമുഴുവനും യേശുവിന്റെ ദിവ്യദർശനം ഏറ്റുവാങ്ങുവാനും തനിക്കായി. അതിന്റെ ഫലമോ, സക്കായിയുടെ മുൻകാല ചെയ്തികളിലെ സകല ചതിവും വഞ്ചനയും ഏറ്റുപറഞ്ഞു ക്രമീകരണം വരുത്തുവാനുള്ള അവസരവും സംജാതമായി. അതായത് കൃത്യമായ മാനസാന്തരത്തിനു സക്കായി പാത്രമായി തീർന്നു എന്നു സാരം!
പ്രിയരേ, യേശുവിനെ കാണണം; എന്നാൽ യേശുവും പുരുഷാരവും കാണരുത് എന്ന മനോഭാവം ക്രിസ്തുകേന്ദ്രീകൃതമാണോ! തോന്നുന്നില്ല! അതല്ലേ സക്കായിയുടെ സംഭവം നമ്മെ പഠിപ്പിക്കുന്നത്! യേശുവിനെ രഹസ്യത്തിലല്ല, പരസ്യമായി ഏറ്റുപറയുന്നതാണ് ഉചിതം. അതിലൂടെ കൈവരുന്ന അനുഭവം ആദ്യം മാനസാന്തരവും പിന്നെ ആത്മീക സൗഭാഗ്യങ്ങളും ആയിരിക്കുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.