ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡിനോട് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡിനോട് സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് സംസ്ഥാനത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നേരത്തെ ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടാന്‍ സുപ്രീംകോടതി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ജാർഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.
രണ്ടാഴ്ചകം ജാർഖണ്ഡ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഇന്നലെ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരുമാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. ക്രൈസ്തവർക്ക് നേരെ വലതുപക്ഷ സംഘടനകളിൽ നിന്നും, അനധികൃതമായി നിയമം കൈയിലെടുക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്ന അക്രമങ്ങൾക്കും, വിദ്വേഷ പ്രചരണങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ അവർ ആവശ്യപ്പെട്ടത്.
സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാത്തതാണ് അനിഷ്ട സംഭവങ്ങൾ വർധിക്കാൻ കാരണമെന്നും പരാതിയിൽ ക്രിസ്തീയ നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ക്രൈസ്തവ വിരുദ്ധ പീഡനം രാജ്യത്ത് നടക്കുന്നുവെന്നത് വ്യാജ ആരോപണമാണെന്നും, പക്ഷപാതപരമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാർ മുന്നോട്ട് പോകുന്നതെന്നും ആരോപിച്ച് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. വ്യക്തിപരമായ ചില പ്രശ്നങ്ങൾ മതവുമായി പരാതിക്കാർ ബന്ധിപ്പിക്കുന്നു എന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ ആരോപണം ഉന്നയിച്ചത്. ക്രൈസ്തവ വിരുദ്ധ പീഡനം രാജ്യത്തു സമാനതകളില്ലാത്ത വിധത്തില്‍ ശക്തമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും നിസംഗതയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.