പ്രതിദിന ചിന്ത | തുടച്ചു മാറ്റപ്പെട്ട ലജ്ജയും മറ്റേറിയ വിശ്വാസവും

0

യോഹന്നാൻ 2:11 “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.”

കാനാവിലെ കല്യാണത്തിന് തന്റെ അടയാളങ്ങളുടെ ആരംഭം യേശു നടത്തുന്നു (2:1-11), യേശു യെരുശലേം ദൈവാലയം ശുദ്ധീകരിക്കുന്നു (2:12-17), യേശുവിന്റെ മരണം സംബന്ധിച്ചുള്ള അവിടുത്തെ മുന്നറിയിപ്പ് (2:18-25) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

തുടർമാനമായ ദിവസങ്ങളിൽ യേശുവിന്റെ പ്രവർത്തനങ്ങൾ യോഹന്നാൻ രേഖപ്പെടുത്തുന്നതിന്റെ വായനയായിരുന്നു ഒന്നാം അദ്ധ്യായം. യോഹന്നാനുമായി യഹൂദാ മതാധ്യക്ഷന്മാർ സംവാദം നടത്തിയ ഒന്നാം നാൾ (1:19-28), പിറ്റെന്നാൾ (1:29-34), പിറ്റെന്നാൾ (1:35-42), പിറ്റെന്നാൾ (1:43-51) എന്നീ മറ്റു ദിവസങ്ങളുടെ അടയാളപ്പെടുത്തലുകൾ എന്നിങ്ങനെ അതിനെ സംഗ്രഹിച്ചു പഠിയ്ക്കാം. നഥനയേലുമായി യേശു നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം “മൂന്നാം നാൾ” (2:1) യേശുവും ശിക്ഷ്യന്മാരും അമ്മ മറിയയും ഗലീലയിലെ കാനാവിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ സന്നിഹിതരായി. നസ്രേത്തിൽ നിന്നും സുമാർ അഞ്ചു മൈൽ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമായിരുന്നു കാനാവ് എന്ന ചെറു ഗ്രാമം. ഒരാഴ്ചയോളം ദൈർഘ്യമുള്ള ആഘോഷമാണ് യഹൂദന്മാരുടെ സാധാരണ വിവാഹങ്ങൾ. അതിന്റെ ഭാഗമാകുവാനാണു യേശുവും കൂട്ടരും ക്ഷണിക്കപ്പെട്ടിരുന്നത്. ഈ ക്ഷണിക്കപ്പെടലിന് മാറ്റേറെയുണ്ടെന്നു പറയാതെ വയ്യ. വിവാഹത്തോടുള്ള യേശുവിന്റെ മനോഭാവം അവിടുത്തെ സാന്നിധ്യത്താൽ വ്യക്തമാകുന്നല്ലോ. മാത്രമല്ല സാമൂഹിക ചുറ്റുപാടുകളോടുള്ള ക്രിയാത്മക സമീപനം യേശുവിന്റെ ചെയ്തിയിലൂടെ ഏവംവിധം തെളിയിക്കപ്പെടുന്നു. അവിചാരിതമായ അനിശ്ചിതത്വങ്ങൾ ആധികാരികമായി കൈകാര്യം ചെയ്തതിലൂടെ ക്ഷണിക്കുന്നവരെ പരിരക്ഷ ചെയ്യുന്ന അവിടുത്തെ ആർദ്രതയും ഏറെ കൃത്യമല്ലേ! എല്ലാറ്റിലുമുപരി, അടയാളങ്ങളുടെ ആരംഭം മാത്രമേ സംഭവിച്ചിട്ടുള്ളൂ; അതിന്റെ തുടർച്ച അടുത്ത നാളുകളിൽ സുനിശ്ചിതമായെന്ന വസ്തുതയും വരികളിലെ വായനയാകുന്നില്ലേ! കാനാവിലെ വീട്ടുകാരുടെ ലജ്ജയും അപമാനവും കർത്താവ് തുടച്ചു നീക്കി എന്ന വസ്തുത നിലനിൽക്കെ തന്നെ യേശുവിന്റെ ശിക്ഷ്യന്മാർ അവിടുത്തെ പ്രവൃത്തിയിൽ വിശ്വസിച്ചു എന്ന പ്രസ്താവനയ്ക്കാണ് ഞാൻ ഏറെ പ്രാധാന്യം കൽപ്പിക്കുന്നത്!

പ്രിയരേ, അനുദിന ജീവിതത്തിൽ യേശുവിനെ ക്ഷണിച്ചു അവിടുത്തെ സാന്നിധ്യം ഉറപ്പാക്കുവാൻ നമുക്കാകണം. അങ്ങനെയെങ്കിൽ അവിചാരിതമായി ഉടലെടുക്കപ്പെടാൻ സാധ്യതയുള്ള ദുരന്തങ്ങൾ സുഗമമായി തരണം ചെയ്യുവാൻ നമുക്കാകും. യേശുവിന്റെ അടയാളങ്ങളുടെ ഗുണഭോക്താക്കൾ ആരുതന്നെ ആയിരുന്നാലും അവിടുത്തെ വിശ്വസിക്കുന്നവരാണ് ധന്യർ എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like