പ്രതിദിന ചിന്ത | തെറ്റിപ്പോയ ചേവകർ

0

യോഹന്നാൻ 7:47 “പരീശന്മാർ അവരോടു: നിങ്ങളും (ചേവകർ) തെറ്റിപ്പോയോ?.”

കൂടാരപെരുനാളിൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുന്നു (7:1-14), യേശുവിന്റെ ഉപദേശത്തിൽ ജനത്തിന്റെ ഇടയിൽ പടർന്ന വിസ്മയവും വിവാദങ്ങളും അവയോടുള്ള യേശുവിന്റെ പ്രതികരണവും (7:15-36), ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുവിന്റെ പരസ്യ ആഹ്വാനം (7:37-39), യേശുവിനെ സാക്ഷാൽ പ്രവാചകനായി അംഗീകരിക്കുവാൻ മുമ്പോട്ടു വന്ന ജനസമൂഹം (7:40-44), യേശുവിനെ പിടിയ്ക്കുവാൻ അയക്കപ്പെട്ട ചേവകർ വെറും കൈയ്യായി തിരികെ വന്നതിൽ പ്രമാണിപക്ഷത്തിന്റെ പ്രതിക്ഷേധം (7:45-53) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുകർത്താവിന്റെ ശുശ്രൂഷാ കാലയളവിലെ സംഭവബഹുലമായ ദിവസങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ വായന. നിർബന്ധമായും യഹൂദന്മാർ എല്ലാവരും ഒരുമിച്ചു യെരുശലേമിൽ വന്നു കൂടി ഏഴു ദിവസങ്ങൾ പാർത്തു ആചരിക്കേണ്ടിയിരുന്ന കൂടാരപ്പെരുന്നാളിനോടനുബന്ധമായി നടന്ന സംഭവങ്ങളാണ് വായനയുടെ കാര്യസാരം. യേശു ദൈവാലയത്തിൽ ചെലവഴിച്ച ആ നാളുകളിൽ യേശുവിനെ പിടിക്കുവാൻ ചേവകർ അയക്കപെട്ടു. അവരാകട്ടെ യേശുവിന്റെ ഉപദേശത്തിലും അടയാളങ്ങളിലും വിശ്വസിച്ചു ‘ദൗത്യം’ മറന്നു യേശുവില്ലാതെ വെറും കൈയ്യായി മഹാപുരോഹിതന്മാരുടേയും പരീശന്മാരുടെയും അരികെ തിരികെ എത്തി. പശ്ചാത്തലത്തിന്റെ തീവ്ര നഷ്ടബോധമാണ് ആസ്പദവാക്യമെന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം! പ്രമാണികളോ പരീശന്മാരോ വിശ്വസിക്കാത്ത യേശുവിൽ വിശ്വസിക്കുന്നവർ തെറ്റിപ്പോകുന്നവരാണെന്ന (7:48) യഹൂദാ മതാചാര്യന്മാരുടെ വിലാപമായി ഈ വാക്കുകളെ വിലയിരുത്തരുതോ! യേശുവിൽ വിശ്വസിക്കുന്നവർ തെറ്റിപ്പോകുന്നവരും അല്ലാത്തവർ ശരിദിശയിലൂടെ സഞ്ചരിക്കുന്നവരും എന്നുമുള്ള വിരോധാഭാസം എക്കാലത്തും നിലനിൽക്കുന്ന ഒരു പ്രതിഭാസം തന്നെയാണ്. ഇതാകട്ടെ ക്രിസ്തുവിൽ നിന്നും ഒരുവനെ വികർഷിച്ചു നിർത്തുവാനുള്ള പിശാചിന്റെ തന്ത്രങ്ങളിൽ പ്രഥമസ്ഥാനീയവുമാണ്. പാപത്തിന്റെ വഴികളിലൂടെ യഥേഷ്ടം സഞ്ചരിക്കുന്നവർക്കു ലോകം കൊടുക്കുന്ന ആകർഷകമായ പിന്തുണ വിശേഷാൽ കുറിയ്ക്കേണ്ടതില്ലെന്നു കരുതുന്നു. എന്നാൽ മാനസാന്തരത്തിലൂടെ ക്രിസ്തുവിന്റെ പാതയിൽ സഞ്ചരിക്കുവാൻ തീരുമാനിക്കുന്നവർക്കു വല്ലാത്ത കഷ്ടതകൾ സമ്മാനിക്കുന്ന ലോകമാണിതെന്നു നാം മറന്നു പോകരുത്. അല്ലെങ്കിലും വഴിതെറ്റിയവർ ക്രിസ്തുപാതയിൽ കണ്ടെത്തുന്ന ജീവിതസാഫല്യം പൈശാചിക മണ്ഡലത്തിന് അത്രകണ്ടു രസിക്കുമെന്നു കരുതുന്നതല്ലല്ലോ ശരിയായ അന്തർദർശനം!

പ്രിയരേ, ജീവിതത്തിലെ പ്രതിസന്ധികൾ യേശുവിങ്കലേക്കു അടുക്കുവാനുള്ള തുറന്ന വാതായനങ്ങളാണ്. അതിലൂടെ കടക്കുന്നവർ കൈവരിക്കുന്ന സൗഭാഗ്യം വിലമതിക്കാനാകാത്തതും! അതാകട്ടെ ശരിയായ പാതയിലൂടെയുള്ള കാലൂന്നലായി തന്നേ വിലയിരുത്തപ്പെടുകയുമാകാം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like