പ്രതിദിന ചിന്ത | ഹൃദയം കലങ്ങിപ്പോകരുതേ

0

യോഹന്നാൻ 14:18 “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.”

തന്റെ മരണത്തിനും സ്വർഗ്ഗാരോഹണത്തിനും മുമ്പേ യേശു തന്റെ ശിക്ഷ്യന്മാരെ ആശ്വസിപ്പിക്കുന്നു (14:1-14), കാര്യസ്ഥനായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള വാഗ്ദത്തം (14:15-26), ദൈവിക സമാധാനത്തിന്റെ വാഗ്ദത്തം (14:27-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ശിക്ഷ്യന്മാരുമായി തന്റെ വേർപിരിയൽ ആഗതമായ നാളുകളിൽ ശിക്ഷ്യന്മാരുടെ ഹൃദയത്തിനേറ്റ നൊമ്പരം യേശു നന്നായി തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പിതാവിന്റെ ഭവനത്തിൽ ഒരുക്കപ്പെടുന്ന വാസസ്ഥലങ്ങളെ കുറിച്ചും (14:2) അവിടുത്തെ മടങ്ങിവരവിന്റെ വാഗ്ദത്തവും (14:3) വലിയ പ്രവൃത്തികൾ ശിക്ഷ്യന്മാരിലൂടെ ചെയ്യുമെന്ന ഉറപ്പും (14:12) പിതാവിനോടുള്ള പ്രാർത്ഥനയുടെ ഉത്തരം നൽകുമെന്ന പ്രതീക്ഷയും (14:14) കാര്യസ്ഥനായ പരിശുദ്ധാത്മാവിനെ എന്നേയ്ക്കും ശിക്ഷ്യന്മാരോടൊപ്പം അയക്കാമെന്ന ഉറപ്പും (14:16) യേശു തന്റെ സ്നേഹിതന്മാരായ ശിക്ഷ്യന്മാരോട് പ്രസ്താവിക്കുവാൻ മറന്നില്ല. “വാസസ്ഥലങ്ങൾ” എന്ന വാക്കു പുതിയനിയമത്തിൽ അകെ ഉപയോഗിച്ചിട്ടുള്ളത് ഈ ഭാഗത്തു മാത്രമാണ്. യേശുക്രിസ്തു തന്റെ ശിക്ഷ്യന്മാരുമായി അന്തിമമായി നടത്തിയ നീണ്ട സംഭാഷണമായി ഈ 14 മുതൽ 16 വരെയുള്ള അദ്ധ്യായങ്ങളെ സംക്ഷേപിക്കാം. സമാഗതമായ തന്റെ വേർപാട് അവിടുത്തെ ശിക്ഷ്യമനസ്സുകളെ ഏറെ വ്രണിതമാക്കുമെന്നു യേശു നന്നായി തിരിച്ചറിഞ്ഞു. തന്റെ വേർപാടോടെ ലോകത്തിന്റെ പ്രഭു ശിക്ഷ്യന്മാരെ കടന്നാക്രമിക്കുവാനുള്ള സാധ്യതയും യേശു മുൻകരുതി. അത്തരമൊരു പശ്ചാത്തലത്തിൽ സുവിശേഷത്തിന്റെ സത് വർത്തമാനം സത്വരമായി പ്രസംഗിക്കേണ്ട ശിക്ഷ്യന്മാർ കലങ്ങിപ്പോകുവാൻ സാധ്യത ഏറെയാണ്. ചാഞ്ചല്യം സംഭവിക്കുവാൻ സാധ്യതയുള്ള ശിക്ഷ്യഹൃദയങ്ങളെ താങ്ങിയുറപ്പിക്കുന്ന പ്രബോധനങ്ങളാണ് ഈ അദ്ധ്യായങ്ങളുടെ ഉള്ളടക്കം. താത്കാലികമായ യേശുവിന്റെ വേർപാട് സംഭവിക്കുമെങ്കിലും താൻ ഇരിക്കുന്ന ഇടത്തു തന്റെ ശിക്ഷ്യന്മാരും ഇരിക്കേണ്ടതിനു പിന്നെയും വന്നു അവരെ ചേർത്തുകൊള്ളാമെന്ന വാക്കുകൾ (14:3) അവരിൽ പകർന്നേകിയ ഊർജ്ജം അപരിമേയമായിരുന്നു എന്നു കുറിയ്ക്കുന്നതാണെനിക്കിഷ്ടം! മാത്രമല്ല, “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” (14:18) എന്ന ഉറപ്പും ശിക്ഷ്യന്മാരെ താങ്ങുന്ന ജീവന്റെ തുടിപ്പുള്ള പ്രബോധനം ആയിരുന്നു!

പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തു തന്റെ ശിക്ഷ്യന്മാരോട് തിരുവായ് മൊഴിഞ്ഞ ഉറപ്പുകൾക്കു കാലമുള്ളിടത്തോളം പ്രസക്തിയുണ്ടു. ഒറ്റപ്പെടലും അനാഥത്വവും ചേർക്കപ്പെടലിനും സനാഥത്വത്തിനും വഴിമാറുന്ന നാളുകൾ അവിടുത്തെ ശിക്ഷ്യന്മാരായ നമുക്കും ഉറപ്പാണ്. അതേ, അവിടൂന്നു വീണ്ടും വന്നു നമ്മെ ചേർത്തുകൊള്ളും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like