പ്രതിദിന ചിന്ത | കാലങ്ങളിലേക്കു ഇറങ്ങിച്ചെല്ലുന്ന യേശുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥന
യോഹന്നാൻ 17:20 “ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.”
തനിക്കുവേണ്ടി തന്നെ യേശു പ്രാർത്ഥിക്കുന്നു (17:1-5), തന്റെ ശിക്ഷ്യന്മാർക്കായി യേശു പ്രാർത്ഥിക്കുന്നു (17:6-10), സുവിശേഷത്തിന്റെ സാധ്യതകളുടെ കൃത്യമായ നിറവേറൽ ഉന്നമിട്ടുള്ള യേശുവിന്റെ പ്രാർത്ഥന (17:11-26) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യേശുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥന എന്ന ശീർഷകത്തിൽ വേദപഠിതാക്കൾ പഠിയ്ക്കുന്ന യേശുവിന്റെ പ്രാർത്ഥനയാണ് ഈ അദ്ധ്യായത്തിന്റെ വായന. തന്റെ വാത്സല്യ ശിക്ഷ്യന്മാരുമായി അതിദീർഘമായ സംഭാഷണം നടത്തിയനന്തരം ക്രൂശിലേക്കു നടന്നടുക്കുന്നതിന്റെ ഇടവേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള അദ്ധ്യായമാണിത്. ഈ അദ്ധ്യായത്തിന്റെ മുഖ്യ ഉള്ളടക്കമാകട്ടെ, യേശുവിന്റെ പ്രശസ്തമായ പ്രാർത്ഥനയാണ്. ആരംഭത്തിൽ തനിക്കു തന്നെയും പിന്നെ ശിക്ഷ്യന്മാർക്കായും നടത്തിയ പ്രാർത്ഥന വിശാലമായ ഒരു തലത്തിലേക്ക് പുരോഗമനം പ്രാപിക്കുന്നതാണ് ഈ പ്രാർത്ഥനയുടെ ചൂണ്ടിക്കാണിക്കാനാവുന്ന വിശേഷതകളിലൊന്ന്. അക്കാലത്തിലൂടെ സഞ്ചരിച്ചു കൃപായുഗത്തിലുടനീളം പ്രസക്തമായ യേശുവിന്റെ പ്രാർത്ഥനാ വാചകമാണ് ആസ്പദവാക്യം! തന്റെ ഒപ്പം നടന്ന ശിക്ഷ്യന്മാർ മാത്രമല്ല, അവരുടെ പ്രസംഗത്താൽ ക്രിസ്തുവിങ്കലേക്കു നടന്നടുക്കുന്ന സകലമാന ക്രിസ്താനുഗാമികൾക്കും വേണ്ടി യേശു നടത്തിയ ഈ പ്രാർത്ഥന കാലങ്ങളിലൂടെ സഞ്ചരിച്ച പ്രാർത്ഥനയല്ലാതെ മറ്റെന്താണ്! സുവിശേഷത്തിന്റെ ദീപശിഖ യേശുവിൽ നിന്നും കൈയ്യേറ്റ ശിക്ഷ്യന്മാർ ഒന്നാം നൂറ്റാണ്ടിന്റെ തിരശ്ശീല വീഴും മുമ്പേ ഗുരുമൊഴികൾക്കനുസരണമായി ലോകത്തിന്റെ അറ്റത്തോളം എത്തിക്കുവാൻ വ്യഗ്രതപ്പെട്ടു. കാലത്തിന്റെ കുത്തൊഴുക്കിൽ തലമുറകളുടെ മാറ്റംമറിച്ചിലുകളിൽ കൈമോശം സംഭവിച്ചു പോകാതെ സുവിശേഷത്തിന്റെ ഈ ദീപശിഖ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കാല്പ്പകുതിയിലും ലോകത്തിന്റെ നെറുകയിൽ ഉജ്ജ്വലശോഭ പരാതി പ്രശോഭിക്കുന്നു. ഇനിയും കാലമുള്ളിടത്തോളം സുവിശേഷം ലോകത്തിന്റെ വഴികാട്ടിയായി പ്രഭപരത്തുക തന്നെ ചെയ്യും. കാരണം യേശുക്രിസ്തുവിന്റെ പ്രാർത്ഥനയുടെ പരിധിക്കുള്ളിൽ കൃപായുഗത്തിന്റെ അവസാന നിമിഷം വരെ ഉൾപ്പെടുത്തപ്പെട്ടിരുന്നു എന്നതു തന്നെ!
പ്രിയരേ, യേശുകർത്താവ് ക്രൂശിലേക്കു കയറുന്നതിനു തൊട്ടുമുമ്പേ തന്റെ ശിക്ഷ്യന്മാരുമായി സ്വകാര്യമായി നടത്തിയ പ്രാർത്ഥന അവർത്തിച്ചാവർത്തിച്ചു ഞാൻ വായിച്ചിട്ടുണ്ട്. ആ പ്രാർത്ഥനയുടെ ഉള്ളടക്കത്തിൽ എളിയവനായ എന്റെയും പേര് യേശു പ്രസ്താവിക്കുന്നതായി ഞാൻ തിരിച്ചറിയുന്നു! അതേ, കൃപായുഗത്തിന്റെ അവസാന പാദത്തിൽ കാലൂന്നി നിൽക്കുന്ന നമുക്കു വേണ്ടിയും കൂടിയാണ് യേശു അന്നു പ്രാർഥിച്ചത് എന്ന ചിന്ത അവിടുത്തോടുള്ള നമ്മുടെ പറ്റുമാനവും കടപ്പാടുകളും ബഹുഗുണീഭവിപ്പിയ്ക്കുവാൻ കാരണമാകും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.