പ്രതിദിന ചിന്ത | മനുഷ്യപുത്രൻ പിടിയ്ക്കപ്പെടുന്നു

0

യോഹന്നാൻ 18:11 “യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.”

യേശു പിടിക്കപ്പെടുന്നു (18:1-11), ഹന്നാവിന്റെ മുമ്പാകെ യേശു വിസ്തരിക്കപ്പെടുന്നു (18:12-23), കയ്യഫാവിന്റെ മുമ്പാകെ യേശു വിസ്തരിക്കപ്പെടുന്നു (18:24-27), പീലാത്തോസ് യേശുവിനെ വിസ്തരിക്കുന്നു (18:28-40) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശു ശിക്ഷ്യന്മാരുമായി നടത്തിയ സുദീർഘമായ സംഭാഷണത്തിനും പ്രാർത്ഥനയ്ക്കും ഒടുവിൽ യെരുശലേമിനു കിഴക്കു നഗരത്തിനും ഒലിവു മലയ്ക്കുമിടയിലുള്ള മലയിടുക്കിൽ അവരുമായി കടന്നു പോയി. ഈ പതിവ് യൂദായ്ക്കും അറിവുണ്ടായിരുന്നു. ആയതിനാൽ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടി യേശുവിനെ കാണിച്ചു കൊടുക്കുവാൻ യൂദാ അവിടേയ്ക്കു പുറപ്പെട്ടു. പിന്നിട്ട സുമാർ മൂന്നര വർഷങ്ങൾ യെരുശലേമിലും പ്രാന്തങ്ങളിലും രാജ്യത്തിൻറെ സുവിശേഷം പ്രസംഗിച്ചു കൊണ്ട് അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്തു വന്ന യേശുവിനെ പിടിയ്ക്കുവാൻ അവർക്കു ആയില്ല. ഏറെ ശ്രമങ്ങൾ ഈ പ്രമേയത്തിൽ നടത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ യേശുവിനെ പിടിക്കുവാൻ അവർക്കാകാതിരുന്നതു മുകളിൽ നിന്ന് അഥവാ പിതാവിന്റെ അനുമതി ലഭിക്കാതിരുന്നതിനാലായിരുന്നു (യോഹ. 19:11). എന്നാൽ സമയത്തിന്റെ പൂർണ്ണതയിൽ പിതാവിനാൽ ലഭിക്കപ്പെട്ട അനുവാദത്തിന്റെ വെളിച്ചത്തിൽ യേശു പിടിയ്ക്കപ്പെട്ടു. ആ രാത്രിയിൽ ഹന്നാവ് (യോഹ. 18:12-14), കയ്യഫാവ് (മത്താ. 26:57-68), സെൻഹെദ്രീൻ സംഘം (മത്താ. 27:1-2), പീലാത്തോസ് (യോഹ. 18:28-38), ഹെരോദാവ് (ലൂക്കോ. 23:6-12), വീണ്ടും പീലാത്തോസ് (യോഹ. 18:39-19:6) എന്നീ ക്രമത്തിൽ വിസ്താരം കഴിക്കപ്പെട്ടു. യഹൂദാ മതവും റോമൻ ഭരണകൂടവും യേശുവിനെ ഇല്ലാതാക്കുക എന്ന പ്രമേയത്തിൽ കൈകോർത്തു ഒരുമനപ്പെട്ടു നീക്കം നടത്തി. ന്യായവിസ്താരം നന്നായി പൂർത്തിയായി. ലോകത്തോട് പരസ്യമായി സംവദിച്ച യേശുവിന്റെ മറയില്ലാത്ത ഉപദേശങ്ങൾക്കു യേശു സ്വയമായി തെളിവ് നൽകേണ്ട കാര്യമില്ലെന്നും തന്റെ പ്രസംഗങ്ങളുടെയും ഉപദേശങ്ങളുടെയും ശ്രോതാക്കളിൽ നിന്നും തെളിവ് ശേഖരിക്കുന്നതാണ് യുക്തമെന്നും യേശു മഹാപുരോഹിതനായ ഹന്നാവിനോട് തുറന്നടിച്ചു. ഇതിൽ പ്രകോപിതനായ ചേവകരിൽ ഒരുവൻ യേശുവിന്റെ കരണത്തടിച്ചു. യേശുവാകട്ടെ തന്റെ നിലപടിൽ ഉറച്ചു നിൽക്കുകയും ഇരുളും കുളിരും പടർന്ന ന്യായാസനങ്ങളിലൂടെ ഒന്നിനുപിറകെ ഒന്നായി വിസ്തരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു.

പ്രിയരേ, യേശുവിന്റെ പ്രവൃത്തികൾ ലോകത്തോടുള്ള തുറന്ന സംവാദമായിരുന്നു. അതാകട്ടെ, രഹസ്യത്തിലല്ല, പരസ്യമായി തന്നെ ആയിരുന്നു താനും. എങ്കിലും “ജനത്തിന്നു വേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന്” (18:14) എന്ന ആലോചന കയ്യഫാവ് പ്രവചനമായി പറഞ്ഞത് (യോഹ. 11:50) തിരുവെഴുത്തുകളുടെ നിവൃത്തീകരണം കൂടെയായിരുന്നല്ലോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like