പ്രതിദിന ചിന്ത | കരയുന്ന മറിയയും പേരുവിളിക്കുന്ന റബ്ബൂനീയും

0

യോഹന്നാൻ 20:16 “യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു.”

ശൂന്യമായി തീർന്ന യേശുവിന്റെ കല്ലറ (20:1-10), ഉത്ഥിതനായ യേശു, മറിയ (20:11-18), തോമസിന്റെ അസാന്നിധ്യത്തിൽ ശിക്ഷ്യന്മാർക്കു (20:19-25), തോമസിന്റെ സാന്നിധ്യത്തിൽ ശിക്ഷ്യന്മാർക്കു (20:26-31) ഇങ്ങനെ പ്രത്യക്ഷത നടത്തുന്നതിന്റെ വായനയാണ് ഈ അദ്ധ്യായം.

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അഥവാ ഞായറാഴ്ച പ്രഭാതത്തിനായി കാത്തിരിക്കുകയായിരിക്കുന്നു മഗ്ദലക്കാരത്തി മറിയ! അവൾ ഇരുളുള്ളപ്പോൾ തന്നെ യേശുവിന്റെ ഭൗതിക ശരീരം വച്ച കല്ലറയ്ക്കൽ ഓടിയണഞ്ഞു. തികച്ചും ആശ്ചര്യജനകമായ സംഭവത്തിനാണ് അവൾ അവിടെ സാക്ഷ്യം വഹിച്ചത്…. യേശുവിനെ വച്ചിരുന്ന കല്ലറ തുറക്കപ്പെട്ടു കിടക്കുന്നതും അതിനുള്ളിൽ യേശുവിന്റെ ശരീരം പൊതിഞ്ഞിരുന്ന ശീലകൾ അല്ലാതെ മറ്റൊന്നും കാണാതിരുന്നതും അവളിൽ ഭീതിയും ഒപ്പം ആശങ്കയും ഉയർത്തി. അവൾ ഓടി ശിമോൻ പത്രോസിനെ വിവരം ധരിപ്പിച്ചു. അവനും യോഹന്നാനും (“യേശുവിനു പ്രിയനായ മറ്റേ ശിക്ഷ്യൻ” എന്ന പ്രയോഗം) കല്ലറയ്ക്കൽ എത്തി വിവരങ്ങൾ ബോധ്യപ്പെട്ടു. ശിക്ഷ്യന്മാർ ആകട്ടെ, വീട്ടിലേക്കു മടങ്ങിപ്പോയി; മറിയയോ, കല്ലറയ്ക്കൽ തന്നെ കാത്തുനിന്നു. യേശുവിന്റെ മൃതശരീരം മോഷ്ടിക്കപ്പെട്ടെന്ന ചിന്ത അവളുടെ ഹൃദയത്തെ ഏറെ വ്രണിതമാക്കി. യേശുവിന്റെ മരണം സംബന്ധിച്ചുള്ള വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തോട്ടക്കാരൻ യേശുവിന്റെ ശരീരം തന്റെ തോട്ടത്തിൽ നിന്നും മാറ്റി മറ്റെവിടെയെങ്കിലും മറവു ചെയ്തു കാണുമെന്ന അനുമാനത്തിലായിരുന്നു മറിയ. അതിന്റെ വെളിച്ചത്തിലാണ് മറിയയുടെ സംഭാഷണം നീണ്ടത്. അതിതീവ്ര ദുഃഖത്തോടെ കരഞ്ഞുകൊണ്ട് കല്ലറവാതിൽക്കൽ നിന്ന മറിയയോട് “സ്ത്രീയേ, നീ കരയുന്നതെന്തു?” എന്ന ചോദ്യം അവളുടെ ദുഃഖത്തെ വാചാലമാക്കി. എന്നാൽ അവളോട് സംസാരിച്ച ആൾ “മറിയയേ” എന്നു വിളിച്ചപ്പോൾ അവൾ തിരിഞ്ഞു “റബ്ബൂനീ” എന്നു പ്രതിവചിച്ചു. അവൾ കേട്ട ശബ്ദവും വിളിയിലെ ഭാഷ്യരീതിയും പിന്നിട്ട നാളുകളിൽ അവൾ ഏറെ കേട്ട തന്റെ ഗുരുവിന്റെ ശബ്ദം തന്നെയെന്ന് തിരിച്ചറിയുവാൻ ഏറെ നേരം വേണ്ടിവന്നില്ല.

പ്രിയരേ, ജീവിതത്തിലെ ഏറ്റവും ദുസ്സഹവും സന്ദിഗ്ധവുമായ ദിശാസന്ധികളിൽ അമ്പരപ്പെട്ടു നിൽക്കുന്ന സന്ദർഭങ്ങൾ നമുക്കെല്ലാം ചിരപരിചിതങ്ങളല്ലേ! ഇരുട്ടിന്റെ പരക്കലും നിരാശയുടെ നിസ്സംഗതയും ഇച്ഛാഭംഗങ്ങളുടെ അതിപ്രസരവും പാടേ തകർത്തു കളയുന്ന വേളകളിലും പേരുചൊല്ലി വിളിക്കുന്ന നാഥന്റെ ശബ്ദം നമ്മിൽ പകർന്നേകുന്ന സാന്ത്വനം അപരിമേയം തന്നെയെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like