പ്രതിദിന ചിന്ത | ഭൂമിയുടെ അറ്റത്തോളം എത്തുന്ന സുവിശേഷം

0

അപ്പൊ. പ്ര. 1:8 “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”

പുസ്തക രചനയുടെ പശ്ചാത്തലവും യേശുവിന്റെ പുനരുത്ഥാനത്തിന്റെ ആധികാരിക സാക്ഷ്യവും (1:1-5), യേശുവിന്റെ സ്വർഗ്ഗാരോഹണവും മഹാനിയോഗവും (1:6-11), പതിനൊന്നു ശിക്ഷ്യന്മാരും യേശുവിന്റെ അമ്മയുൾപ്പെടുന്ന സ്ത്രീസമൂഹവും ഒരുമനപ്പെട്ടു പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നു (1:12-14), യൂദാ ഇസ്കാരിയൊത്തിനു പകരക്കാരനായി മത്ഥിയാസ് അപ്പോസ്തോലിക പദവിയിലേക്ക് ചീട്ടിട്ടു തെരഞ്ഞെടുക്കപ്പെടുന്നു (1:15-26) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പൗലോസിന്റെ സഹയാത്രികനും വൈദ്യനുമായിരുന്ന ലൂക്കോസ്, എ ഡി 61 ൽ എഴുതിയെന്നു കരുതപ്പെടുന്ന പുതിയനിയമത്തിലെ ഏക ചരിത്ര പുസ്തകമാണ് അപ്പോസ്തോല പ്രവൃത്തികളുടെ പുസ്തകം. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിൽ തൊട്ട് ദൈവസഭയുടെ പ്രാരംഭം മുതൽ സുമാർ മൂന്നു പതിറ്റാണ്ടുകളുടെ ചരിത്രം വസ്തുനിഷ്ഠമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുള്ള പുസ്തകമാണിത്. പ്രാരംഭ പന്ത്രണ്ടു അദ്ധ്യായങ്ങളിൽ പത്രോസ്, സ്തേഫാനോസ്, ഫിലിപ്പോസ്, ബർന്നബാസ്, യാക്കോബ് മുതലായ പ്രധാന വ്യക്തികളിലും, തുടർന്നുള്ള അദ്ധ്യായങ്ങളിൽ പൗലോസ് എന്ന ഏക വ്യക്തിയിൽ കേന്ദ്രീകൃതവുമായി ചരിത്രം പുരോഗമിക്കുന്നു. ശ്രീമാനായ തെയോഫിലോസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഈ പുസ്തകം, ലേഖനങ്ങളിൽ വിശകലനം ചെയ്യപ്പെടുന്ന പുതിയ നിയമ സഭയുടെ ഉപദേശങ്ങളുടെ കരടുരൂപമെന്നു വിശേഷിപ്പിക്കാം. ക്രൈസ്തവ മാർഗ്ഗത്തിന്റെ ഉദാത്ത മാതൃകയുടെ ഊടും പാവും നെയ്തെടുക്കുന്ന 28 ആദ്ധ്യായങ്ങളും ആയിരത്തഞ്ചു വാക്യങ്ങളുമടങ്ങിയ പുതിയ നിയമത്തിലെ അഞ്ചാമത്തെ പുസ്തകവും തിരുവെഴുത്തുകളിലെ നാല്പത്തിനാലാമത്തെ പുസ്തകവുമായ അപ്പോസ്തോല പ്രവൃത്തികളുടെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കാം.

പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി കാത്തിരിക്കുവാൻ യേശുകർത്താവ് തന്റെ ശിക്ഷ്യന്മാർക്കു നിർദ്ദേശം നൽകിയിരുന്നത് (1:4) ഏറെ ശ്രദ്ധേയമായ വസ്തുതയാണ്. അതിന്റെ കൃത്യമായ കാരണവും (1:8) യേശു ചൂണ്ടിക്കാണിച്ചു. അതായതു, ലോകത്തിന്റെ അറ്റത്തോളം സുവിശേഷത്തിന്റെ വാഹകരാകുവാൻ പരിശുദ്ധാത്മ നിറവിനാൽ മാത്രമേ സാധ്യമാകുകയുള്ളൂ. പരിമിതികളും പരിധികളും തീർക്കുന്ന പ്രതിരോധങ്ങളെ അതിജീവിച്ചു മാത്രമേ സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തുകയുള്ളൂ. അതിന്റെ ചാലകശക്തിയാകട്ടെ, പരിശുദ്ധാത്മാവും. മാനുഷികമായ കഴിവുകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ് ദൈവശക്തിയുടെ പ്രവർത്തന മേഖലയെന്നും അതിലേക്കുള്ള എത്തിച്ചേരലല്ലാതെ മറ്റൊന്നിനാലും ദൈവിക കാര്യപരിപാടികളുടെ ആസൂത്രണം സാധ്യമല്ലെന്നും യേശു തന്റെ ശിക്ഷ്യന്മാരെ നന്നായി ബോധ്യപ്പെടുത്തിയെന്നാണ് ഞാൻ കരുതുന്നത്.

പ്രിയരേ, ലോകത്തിന്റെ പ്രതീക്ഷയും കാലത്തിന്റെ അനിവാര്യതയും സുവിശേഷമാണ്. അതിന്റെ പ്രസംഗം ഭൂമിശാസ്ത്രപരമായ സകല അതിരുകളെയും തരണം ചെയ്യേണ്ടതും ദൈവാരാജ്യസ്ഥാപനം എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ളതും ആയിരിക്കും. ആ ലക്ഷ്യ സാക്ഷാത്കാരം പരിശുദ്ധാത്മാവിന്റെ ശക്തിയിൽ അടിസ്ഥാനപ്പെട്ടും നിറവിൽ നിലനിന്നുകൊണ്ടുള്ള സഞ്ചാരപാതയിലൂടെ മാത്രം സാധിതപ്രായമാകുമെന്ന വസ്തുതയുടെ അടിവരയിടുന്നതാണെനിക്കിഷ്ടം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like