നൈജീരിയയിലേ പ്ലേറ്റോ സംസ്ഥാനത്ത് 11 ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 18 ക്രൈസ്തവര്‍

0

അബുജ: കഴിഞ്ഞ 11 ദിവസങ്ങളിലായി നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ 18 ക്രൈസ്തവരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ജോസ് സൗത്ത്, റിയോം, ബാര്‍ക്കിന്‍-ലാഡി, മാങ്ങു, ബോക്കോസ് തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ച ദാര്‍വാത്ത് ഗ്രാമത്തില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നതായി ‘ഇമാന്‍സിപേഷന്‍ സെന്‍റര്‍ ഫോര്‍ ക്രൈസിസ് വിക്റ്റിംസ് ഇന്‍ നൈജീരിയ’യിലെ അറ്റോര്‍ണിയായ ഡാല്യോപ് സോളമന്‍ മ്വാംടിരി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.

‘ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ്’ കൂട്ടായ്മയിലെ വചനപ്രഘോഷകനായ റവ. ഗ്വോങ്ങ് ഡാച്ചോല്ലമിന് വെട്ടേറ്റു ഗുരുതരമായി പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച ജോസ് സൗത്ത് പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഫാരിന്‍ ലാംബാ ഗ്രാമത്തില്‍ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. റിയോം പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഗാകോയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഫിലിപ് ബിട്രുസ് എന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി വെടിയേറ്റ്‌ കൊല്ലപ്പെട്ടു. റിയോം പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ തന്നെ ബാച്ചി ജില്ലയിലെ വേറെങ്ങ്, ബാര്‍ക്കിന്‍ ലാഡിയിലെ ഹെയിപാങ്ങ്‌ ജില്ലയിലെ ടാപോ എന്നീ ഗ്രാമങ്ങളില്‍ ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഏപ്രില്‍ 16 അര്‍ദ്ധരാത്രിയില്‍ മാങ്ങു കൗണ്ടിയിലെ മുരിഷ്, ദുങ്ങ്മുനാന്‍, മാഞ്ചാ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 5 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തതായി മേഖലയിലെ പ്രാദേശിക നേതാവായ ‘ഷ്വാമുട്ട് ഇഷാകു എലിഷ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’നു അയച്ച സന്ദേശത്തില്‍ പറയുന്നു. ആക്രമണങ്ങള്‍ നടന്ന ഗ്രാമങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പ്ലേറ്റോ സംസ്ഥാന കമാന്‍ഡ് വക്താവായ ആള്‍ഫ്രെഡ് അറിയിച്ചു. സംസ്ഥാന ഗവര്‍ണര്‍ കാര്യാലയത്തിന്റെ ഔദ്യോഗിക വക്താവായ മാകുട്ട് മാച്ചമും ആക്രമണങ്ങള്‍ നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

നിരപരാധികളായ ആളുകളുടെ ജീവനെടുത്തും, സ്വത്തുവകകള്‍ നശിപ്പിച്ചും, വീടുകള്‍ കത്തിച്ചും ഫുലാനികള്‍ നടത്തുന്ന ആക്രമണങ്ങള്‍ മുടക്കവും കൂടാതെ തുടരുകയാണെന്നു മ്വാംടിരി പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് (5,014) നൈജീരിയയിലാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2023 പട്ടികയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരിന്നു. ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതും നൈജീരിയയില്‍ തന്നെയാണ്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ മുന്‍വര്‍ഷത്തെ പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന നൈജീരിയ 2023 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ആറാമതാണ്.

You might also like