മണിപ്പൂരിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം: പ്രതിഷേധം ശക്തമാകുന്നു

0

മണിപ്പൂര്‍ തലസ്ഥാന നഗരമായ ഇംഫാലിന് ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയങ്ങള്‍ പൊളിച്ച് മാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന് ‘ഓള്‍ മണിപ്പൂര്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍’ (എ.എം.സി.ഒ) മണിപ്പൂര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പൊതുസ്ഥലങ്ങളിലെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ നിയമാനുസൃതമാക്കിയപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചു മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. നിയമാനുസൃതമാക്കിയ 188 ആരാധനാലയങ്ങള്‍ സംബന്ധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ സംസ്ഥാത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയം പോലും ഉള്‍പ്പെടുന്നില്ലെന്ന് എ.എം.സി.ഒ പ്രസിഡന്റ് റവ. പ്രിം വായ്ഫേയി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഇംഫാലിലിലും പരിസര പ്രദേശങ്ങളിലുമായി 44 ക്രിസ്ത്യന്‍ ദേവാലയങ്ങളാണുള്ളതെന്നും, ഇതില്‍ 14 എണ്ണം ലാംഫേല്‍, ലാങ്ങോള്‍ മേഖലകളിലും, 6 എണ്ണം ഗെയിം വില്ലേജ് മേഖലയിലും, 9 എണ്ണം ട്രൈബല്‍ കോളനിയിലും, ഒരെണ്ണം ലെയിമാഖോങ്ങിലുമാണെന്നും റവ. പ്രിം വായ്ഫേയി പറഞ്ഞു. പൊതു പാര്‍ക്കുകളിലും, പൊതു സ്ഥലങ്ങളിലും അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന അമ്പലം, പള്ളി, മുസ്ലീം പള്ളി, ഗുരുദ്വാര തുടങ്ങിയവ നിയമാനുസൃതമാക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നതിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവയിലെ ഭൂരിഭാഗം ദേവാലയങ്ങളുമെന്ന് റവ. വായ്ഫേയി ചൂണ്ടിക്കാട്ടി. ഒരു മതത്തോട് പ്രത്യേക പക്ഷപാതം കാണിക്കുമ്പോള്‍ ക്രൈസ്തവരോട് വിവേചന നയം വെച്ചു പുലര്‍ത്തുന്ന ബൈറന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി കൂട്ടുകക്ഷി മന്ത്രിസഭയുടെ ഇടപെടലിനെ റവ. വായ്ഫേയി നിശിതമായി വിമര്‍ശിച്ചു.

ദേവാലയങ്ങള്‍ക്ക് നിയമപരമായ രേഖകള്‍ നല്‍കണമെന്ന ക്രൈസ്തവരുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതിയാണിതെന്നും, ഇവിടെ നീതിയില്ലെന്നും, ഒരു മതവിഭാഗത്തോട് മാത്രം പ്രത്യേക മമത കാണിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ ദേവാലയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ച് മാറ്റപ്പെടാം എന്ന ആശങ്കയിലാണ് ഇംഫാലിലെ ക്രൈസ്തവര്‍. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 188 ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് നിയമാനുസൃതമായപ്പോള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയായിരുന്നു.

വിവിധ സമുദായങ്ങള്‍ തമ്മില്‍ സാഹോദര്യവും, സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും റവ. വായ്ഫേയി പരാമര്‍ശിച്ചു. തങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുവാന്‍ നാളെ ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 41%വും ക്രൈസ്തവരാണ്.

You might also like