ഐപിസി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ വിശ്വാസികളുടെ വൻപ്രതിഷേധം
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ ഇലക്ഷൻ കുമ്പനാട് ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്നതിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടന്നു.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണൽ പത്തുമണിക്ക് പൂർത്തീകരിച്ച് ഫലം പ്രഖ്യാപിക്കുകയായിരുന്നു. അനേകം സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപ്പട്ടിക തുടക്കത്തിലേ തള്ളിക്കളഞ്ഞതിനാൽ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മാത്രമായിരുന്നു വോട്ടെടുപ്പ്. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകന്മാരായ ജേക്കബ് ജോൺ, എബ്രഹാം ഉമ്മൻ, കെ എസ് ജോസഫ്, ജോസഫ് വില്ല്യംസ്, രാജൻ എബ്രഹാം എന്നിവരുടെ നോമിനേഷനുകളാണ് അസാധാരണമായി അദ്യമേ തള്ളിക്കളഞ്ഞത്.
സംഭവത്തിൽ പ്രകോപിതരായ പാസ്റ്റർമാരും വിശ്വാസികളും തിരഞ്ഞെടുപ്പ് ബഹിഷ്കരണം ആഹ്വാനം ചെയ്തതിന്ന് പിന്നാലെ 12000- ൽ അധികം വോട്ടുകൾ രേഖപ്പെടുത്തേണ്ടിയിരുന്നിടത്ത് കേവലം 1200 വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ നടന്ന വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിച്ച പാസ്റ്റർ തോമസ് ജോർജ്ജ് 200 വോട്ടുകളുടെയും ബ്രദർ കാഞ്ഞാനത്ത് വർക്കി ഏബ്രഹാം 700 വോട്ടുകളുടേയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ്, ഭരണഘടന തുടങ്ങിയ വിഷയങ്ങൾ കോടതിയുടെ മുൻപാകെ ഇരിക്കുന്നതിനാൽ ഇന്നത്തെ കോടതിവിധി പ്രതികൂലമാകുമോ എന്ന ആശങ്കയിലാണോ വോട്ടേണ്ണലും ഫലപ്രഖ്യാപനം പറഞ്ഞതിലും നേരത്തേ നടത്തിയതെന്നാണ് പല വിശ്വാസികളുടേയും ചോദ്യം.
പാസ്റ്റർ സണ്ണി കുര്യൻ ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ വർഗ്ഗീസ് മത്തായിയും, ബ്രദർ റോയ് അലക്സും റിട്ടേണിംഗ് ഓഫീസർമ്മാരുമായ ഇലക്ഷൻ കമ്മീഷൻ ഇന്ന് രാവിലെ പത്തുമണിക്കു ശേഷം പുറത്തുവിട്ട ഔദ്യോഗീക അറിയിപ്പ് പ്രകാരം പ്രസിഡണ്ടായി പാസ്റ്റർ വത്സൻ ഏബ്രഹാം, വൈസ് പ്രസിഡണ്ടായി പാസ്റ്റർ ഫിലിപ്പ് പി തോമസ്, സെക്രട്ടറിയായി പാസ്റ്റർ ബേബി വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ തോമസ് ഫിലിപ്പ്, ബ്രദർ കാഞ്ഞാനത്ത് വർക്കി ഏബ്രഹാം, ട്രഷററായി ഡോ. ജോൺ ജോസഫ് എന്നിവരാണ് പുതിയ ഭരണസമിതി.
ഫലപ്രഖ്യാപനമുണ്ടായെങ്കിലും പാസ്റ്റർമ്മാരുടേയും വിശ്വാസികളുടേയും വൻപ്രതിഷേതങ്ങളും എതിർപ്പുകളുമാണ് ഉയർന്നുവരുന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്.