സഭയുടെ സംഘ്പരിവാര്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് വൈദിക ശുശ്രൂഷകള്‍ ഉപേക്ഷിച്ച ഫാ. അജിക്ക് വിശ്വാസികളുടെ വൻ പിന്തുണ
സീറോ മലബാര്‍ സഭയുടെ സംഘ്പരിവാര്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് വൈദിക ശുശ്രൂഷകള്‍ ഉപേക്ഷിച്ച പള്ളി വികാരിക്ക് വിശ്വാസി സമൂഹത്തിന്റെ പിന്തുണയേറുന്നു. താമരശ്ശേരി രൂപതയിലെ വൈദികനും മുക്കം എസ്എച്ച് പള്ളി വികാരിയുമായിരുന്ന ഫാ. അജി പുതിയാംപറമ്പിലാണ് അപൂര്‍വ തീരുമാനമെടുത്തത്. രൂപതയിലെ പൊതുസ്ഥലമാറ്റത്തിന്റെ ഭാഗമായി മുക്കത്തെ തന്നെ നൂറാംതോട് പള്ളിയിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. ചുമതലയേറ്റെടുക്കേണ്ടിയിരുന്ന കഴിഞ്ഞ 13നാണ് വികാരിസ്ഥാനമടക്കമുള്ള ചുമതലകള്‍ ഉപേക്ഷിക്കുന്നതായി ഫാ. അജി പുതിയാംപറമ്പില്‍ അറിയിച്ചത്. താന്‍ സഭയുടെ ശത്രുവല്ല. വൈദിക വസ്ത്രം തുടര്‍ന്നും ഉപയോഗിക്കും. ഇനി മുതല്‍ പ്രവാചക ദൗത്യത്തിലേക്ക് പ്രവേശിച്ച് പ്രസംഗവും എഴുത്തുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ സ്വദേശിയാണ് ഫാ. അജി പുതിയാപറമ്പില്‍. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി വിശ്വാസികള്‍ പോസ്റ്റുകള്‍ പങ്കുവച്ചു.
കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാ. അജി പറയുന്നു. സഭാനേതൃത്വം ക്രിസ്തുവിന്റെ വഴിയില്‍ നിന്നും അകന്നാണ് സഞ്ചരിക്കുന്നത്. സഭാ മക്കള്‍ സൈബറിടത്തില്‍ വെറുപ്പ് വിതക്കുകയും പിതാക്കന്‍മാര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാവുകയും ചെയ്യുന്നു. അവസരത്തിനൊത്ത് രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കുകയും അതിനുവേണ്ടി വിലപേശുകയും ചെയ്യുന്നു. ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം, കാരുണ്യം എന്നിവയേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യന്‍ കണ്ടുപിടിച്ച ആരാധനാക്രമങ്ങള്‍ക്കാണ്. ഇതിന്റെ പേരില്‍ നാല് മാസമായി ഒരു പള്ളി പൂട്ടിയിട്ടിരിക്കുകയാണ്. ഇതൊന്നും ക്രിസ്തുവിന്റെ രീതിയല്ലെന്നും ഫാ.അജി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു.
വെറുപ്പിന്റെ തത്വശാസ്ത്രം പേറുന്ന സംഘ്പരിവാറുമായി യാതൊരു ബന്ധവും പാടില്ലെന്ന് ഫാ.അജി ഒരു മലയാള പത്രത്തിനോടും പ്രതികരിച്ചു. ബിജെപിയുമായി മാത്രമല്ല ഒരു പാര്‍ട്ടിയുമായുള്ള സജീവ ഇടപെടല്‍ ക്രൈസ്തവ രീതിയല്ല. അവസരത്തിനൊത്ത് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും അതിന് വേണ്ടി വിലപേശുന്നതും ശരിയല്ല. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളണം. താനും കര്‍ഷകര്‍ക്ക് വേണ്ടി നിരാഹാരം കിടന്നിട്ടുണ്ട്. എന്നാല്‍ റബ്ബര്‍ വില മുന്നൂറാക്കിയാല്‍ വോട്ട് ചെയ്യാമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതൊന്നും മതേതരരാജ്യത്തിന് യോജിച്ചതല്ല. ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.