വിശ്വാസികൾക്ക് പന്നിയിറച്ചി കഴിക്കാമോ❓

0

മോശൈക ഭക്ഷണ ക്രമത്തിൽ പന്നി മാംസം നിരോധിച്ചിരിക്കുന്നു (ലേവ്യ 11:7,8).
അതിനാൽ യഹൂദന്മാർ പന്നിയിറച്ചി കഴിക്കുന്നത് ആചാരപരമായി അശുദ്ധമായി കണക്കാക്കി. എന്നാൽ പുതിയ ഉടമ്പടി പ്രകാരം, വിശുദ്ധി എന്നതുകൊണ്ട് ദൈവം അർത്ഥമാക്കുന്നത് ആചാരപരമായ വൃത്തിയല്ല, ആത്മീയ വിശുദ്ധിയാണ്. ഊന്നൽ പുറമേ നിന്ന് ഉള്ളിലേക്കും, ഭൗതികത്തിൽ നിന്ന് ആത്മീയതയിലേക്കും മാറി. യേശു അത് ഇപ്രകാരം വിശദീകരിച്ചു: “മനുഷ്യനു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.…വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?..” (മത്താ 15:11,16-18).

അപ്പോസ്തലനായ പൗലോസ് ഈ സത്യം മറ്റുള്ളവരേക്കാൾ വളരെ വേഗത്തിൽ മനസ്സിലാക്കി. അവൻ പ്രഖ്യാപിച്ചു, “യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു.”(റോമർ 14:14). ഈ സത്യം ക്രിസ്തുവിൽ നിന്ന് അവർ പഠിച്ചു (യോഹ. 1:17). തിമൊഥെയൊസിന് മുന്നറിയിപ്പ് നൽകി, “. എന്നാൽ ഭാവികാലത്തു ചിലർ ..വിശ്വാസം ത്യജിക്കും … അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി … സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;..” (1 തിമോ. 4:1-4).

ജറുസലേം കൗൺസിൽ പത്രോസിനെപ്പോലെ ചിന്തിക്കുന്ന യഹൂദ വിശ്വാസികളെ വിജാതീയ വിശ്വാസികളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് യഹൂദേതര വിശ്വാസികൾക്ക് ഭക്ഷണക്രമത്തിൽ ചില നിയന്ത്രണങ്ങൾ നൽകി (പ്രവൃത്തികൾ 15:19-21). അന്യഥാ, പുതിയ ഉടമ്പടി പ്രകാരം, നാം ക്രിസ്തുവിനോടൊപ്പം മരിച്ചതിനാൽ, “പിടിക്കരുതു, രുചിക്കരുതു, തൊടരുതു! “എന്നീ നിയന്ത്രണങ്ങൾക്ക് അധീനരാകേണ്ട ആവിശ്യമില്ല. പൗലോസ് ഇവയെ മനുഷ്യനിർമ്മിത ഉപദേശങ്ങൾ എന്നും സ്വയം അടിച്ചേൽപ്പിക്കപ്പെട്ട മതം എന്നും വിളിക്കുന്നു (കൊലോ 2:16, 20-23).

ചില മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം ഭക്ഷിക്കുന്നത് ദൈവം വിലക്കിയതിന് വൈദ്യശാസ്ത്രപരമായ കാരണങ്ങളും ഉണ്ടെന്ന് ചില ഡോക്ടർമാർ കരുതുന്നു. ഇത് സത്യമായിരിക്കാം. ഉദാഹരണത്തിന്, ഉയർന്ന കൊളസ്ട്രോൾ രോഗനിർണയം നടത്തിയവർക്ക് പന്നിയിറച്ചി കഴിക്കുന്നത് തീർച്ചയായും ദോഷകരമാണ്. ഒരുവൻ ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുത്ത് ദൈവത്തിന്റെ മന്ദിരമായ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടതാകുന്നു.

പാസ്റ്റർ വെസ്‌ലി ജോസഫ്‌

You might also like