29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

0

അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 3500 പേര്‍ അറസ്റ്റിലാവുകയും, 1400 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 300 പേരെ കാണാതാവുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷനാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍വെച്ച് സംഘടനയുടെ ചെയര്‍മാനും, ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എമേകാ ഉമീഗ്ബലാസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നൈജീരിയന്‍ സുരക്ഷ സേനയെയും, അനുബന്ധ തീവ്രവാദി സംഘടനകളെയുമാണ്‌ ഇതിന്റെ പ്രധാന ഉത്തരവാദികളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ 1200 വീടുകള്‍ അഗ്നിക്കിരയാക്കിയതു വഴി മുപ്പതിനായിരത്തോളം പേര്‍ പെരുവഴിയില്‍ ആയതായും, അഞ്ചുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളുമാണ് ഭൂരിഭാഗം പേരെയും (700) കൊന്നൊടുക്കിയത്. തങ്ങളുടെ മതവിശ്വാസവും, വംശീയതയും കാരണമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് നൈജീരിയന്‍ പോലീസ് അന്വേഷിക്കാറില്ലെന്നും ഉമീഗ്ബലാസി ചൂണ്ടിക്കാട്ടി. 

2009-ല്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭാവം കൊണ്ടതുമുതല്‍ 50,000-ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായും, മുഹമ്മദ്‌ ബുഹാരി ഭരണകൂടം ഈ കൊലകള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ഇന്റര്‍സൊസൈറ്റി ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരെ യാതൊരുവിധ അറസ്റ്റോ, വിചാരണയോ നടന്നിട്ടില്ലെന്നത് കുറ്റകൃത്യങ്ങളില്‍ ഗവണ്‍മെന്റിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നുണ്ടെന്നു മാര്‍കുഡി രൂപതയിലെ ഫാ. റെമിജിയൂസ് ഇഹ്യൂല ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

You might also like