ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷ; രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം

0

പ്യോംങ്യാംഗ്: സ്വേച്ഛാധിപതിയായ കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയയില്‍ ബൈബിള്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്ക് വധശിക്ഷയും രണ്ട് വയസ്സുള്ള മകന് ജീവപര്യന്തം തടവും വിധിച്ചതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചു യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തു അരങ്ങേറുന്ന കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 70,000 ക്രിസ്ത്യാനികളും മറ്റ് മതവിശ്വാസികളും തടവിലാണെന്നും ജയിലുകളിൽ കഴിയുന്നവരു‌ടെ അവസ്ഥ വളരെ ദയനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സന്നദ്ധ സംഘടനയായ കൊറിയ ഫ്യൂച്ചറിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ്, ശിക്ഷ, നിർബന്ധിത ജോലി, പീഡനം, നാടുകടത്തൽ, ലൈം​ഗീക ചൂഷണം തുടങ്ങിയ പീഡകളാണ് ഉത്തരകൊറിയയിൽ വിശ്വാസികൾ നേരിടുന്നത്. പീഡനത്തിനിരയായ 151 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സ്വേച്ഛാധിപത്യ ഭരണമായതിനാല്‍ രാജ്യത്തു നടക്കുന്ന കൊടിയ പീഡനങ്ങള്‍ പുറത്തുവരാറില്ലായെന്നതും ശ്രദ്ധേയ വസ്തുതയാണ്.  

ക്രിസ്ത്യാനികൾ കുട്ടികളെ പള്ളികളിലേക്ക് വശീകരിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളുമായി ക്രൈസ്തവരെ മോശമായി ചിത്രീകരിക്കുന്ന ഗ്രാഫിക് നോവലുകളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരാൾ കൊറിയ ഫ്യൂച്ചറിനോട് പറഞ്ഞു. രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ക്രിസ്ത്യന്‍ മിഷ്ണറികളെ കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയതായി ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത നിരവധിപേര്‍ വെളിപ്പെടുത്തിയിരിന്നു. 

സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഉത്തര കൊറിയയുടെ സ്ഥാനം. ഭവനകേന്ദ്രീകൃത കൂട്ടായ്മകളെ ഇല്ലാതാക്കുകയും, ക്രൈസ്തവരെ കണ്ടെത്തി കൊലപ്പെടുത്തുകയും, ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുന്നതും രാജ്യത്തു പതിവായിരിക്കുകയാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ 2023 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. അതേസമയം കൊടിയ പീഡനങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ വടക്കുഭാഗത്ത് മാത്രം 2,00,000 മുതല്‍ 4,00,000- ത്തോളം പേര്‍ രഹസ്യമായി വിശ്വാസം പിന്തുടരുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

You might also like