കല്ലറ സന്ദർശിക്കുന്നത് തെറ്റോ?

0

ചില ക്രിസ്ത്യാനികൾ ചരമവാർഷിക ദിനങ്ങളിലോ പ്രത്യേക അവസരങ്ങളിലോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങൾ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ചിലർ അടക്കം കഴിഞ്ഞാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. തങ്ങളുടെ വീക്ഷണത്തെ പിന്തുണയ്‌ക്കാൻ അവർ യേശുവിന്റെ തുറന്ന കല്ലറയ്ക്കരികെ നിന്നിരുന്ന ദൂതന്മാരുടെ വാക്കുകൾ ഉദ്ധരിക്കുന്നു: “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു! (ലൂക്ക 24:5,6). എന്നാൽ, രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട നിരവധി ആളുകൾ ശൂന്യമായ ശവകുടീരം കാണാൻ പലസ്തീനിലേക്ക് യാത്ര ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട് ! യേശു ഉയിർത്തെഴുന്നേറ്റതായി മഗ്ദലന മറിയവും മറ്റുള്ളവരും അറിഞ്ഞിരുന്നില്ല. എന്നാൽ, അവന്റെ പുനരുത്ഥാനത്തിന് 2023 വർഷങ്ങൾക്ക് ശേഷവും ആളുകൾ ആ ശവകുടീരം സന്ദർശിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്: യേശുവിന്റേതെന്ന് അവകാശപ്പെടുന്ന ഒന്നിലധികം കല്ലറകളുണ്ട്! അവിടുത്തെ ശരീരം ഏതിലാണ് യഥാർത്ഥത്തിൽ ഉള്ളതെന്ന് ആർക്കും കൃത്യമായി അറിയില്ല!

മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരു കല്ലറ സന്ദർശിക്കുന്നതിനെതിരെ വേദപുസ്തകം ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. പെന്തക്കോസ്ത് ദിനത്തിലെ തന്റെ പ്രസംഗത്തിൽ, ദാവീദിനെക്കുറിച്ച് സംസാരിക്കുമ്പോൾ പത്രോസ് പറഞ്ഞു, “അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ” (പ്രവൃത്തികൾ 2:29). അവർ ദാവീദിന്റെ ശവകുടീരം ഒരു സ്‌മാരകമായി പരിപാലിച്ചുവരികയായിരുന്നു എന്നാണ്‌ ഇതിന്റെ അർത്ഥം. ശവകുടീരത്തെ വെള്ളപൂശുന്നത് യഹൂദന് ഒരു വാർഷിക ദിനചര്യയായിരുന്നു (മത്തായി 23:27). ശവശരീരങ്ങൾക്കുള്ള സുഗന്ധദ്രവ്യങ്ങളുമായി ശവകുടീരങ്ങൾ സന്ദർശിക്കുന്നതും ഒരു അംഗീകൃത ജൂത ആചാരമായിരുന്നു (ലൂക്കാ 24:1). ഇന്ത്യയിൽ നാം പൂക്കളുമായി പോകുന്നു . ഒരു കല്ലറ സന്ദർശിക്കുന്നത് തെറ്റാണെങ്കിൽ, കല്ലറയുടെ ചുറ്റും മാർബിളും കുടുംബ വിവരങ്ങളും എന്തിനെഴുതണം ?

കല്ലറകൾ സന്ദർശിക്കുമ്പോൾ നാം ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്:

  1. മരിച്ചവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ കഴിയില്ല. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു” ( എബ്രാ 9:27). രണ്ടാമതൊരു അവസരമില്ല. മരിച്ചവർക്കുവേണ്ടിയുള്ള സ്നാനം അപ്പോസ്തോലികമല്ലാത്ത ഒരു ആചാരമായിരുന്നു . (1 കോരി 15:29).
  2. മരിച്ചവരോടും നാം പ്രാർത്ഥിക്കരുത്. മരിച്ചവരുമായി ആശയവിനിമയം നടത്താനുള്ള ഏതൊരു ശ്രമത്തെയും ബൈബിൾ ശക്തമായി അപലപിക്കുന്നു. ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു? (യെശയ്യാ 8:19 )
  3. വൈകാരികത തെറ്റല്ല, എന്നാൽ ശ്മശാന സ്ഥലത്തിന് പവിത്രത കല്പിക്കുന്നത് വിഗ്രഹാരാധനയിലേക്ക് നയിക്കും. മരിച്ച ഒരാൾ അവന്റെ ശരീരം എലീശാ പ്രവാചകന്റെ അസ്ഥികളിൽ സ്പർശിച്ചപ്പോൾ ജീവിച്ചു (2 രാജാ 13:21). എന്നാൽ എല്ലാ പ്രവാചകന്മാരിലും ശ്രേഷ്ഠനായ മോശയുടെ കാര്യത്തിൽ, ദൈവം അവന്റെ ശരീരം ആരും അറിയാത്ത സ്ഥലത്ത് അടക്കം ചെയ്തു. ” ആ കല്ലറ ഇന്നേവരെ ആർക്കും അറിയില്ല” (Dt 34:5,6,10,11). അപൂർവ സംഭവങ്ങൾ ഉപദേശങ്ങൾ പഠിപ്പിക്കുന്നതിനല്ല.

ജോൺ വെസ്‌ലിക്കെതിരെ ചർച്ച് ഓഫ് ഇംഗ്ലണ്ട് അതിന്റെ വാതിൽ കൊട്ടിയടയടച്ചപ്പോർ അദ്ദേഹം തന്റെ പിതാവിന്റെ ശവകുടീരത്തിൽ നിന്ന് പ്രസംഗിച്ചു. ഏറ്റവും കഠിനമായ ഹൃദയങ്ങളെ തകർക്കാൻ ദൈവം ശവസംസ്കാര പ്രഭാഷണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ശവകുടീരങ്ങൾ ദുരാത്മാക്കളുടെ വിഹാരകേന്ദ്രങ്ങളാണെന്നത് ഒരു ‘പുറജാതീയ’ വിശ്വാസം മാത്രമായിരുന്നു. ഗദരദേശവും ഗദരേനരുടെ ദേശവും “വിജാതീയ” നഗരങ്ങളായിരുന്നു (മത്തായി 8:28; മർ 5:1).
പകലും രാത്രിയും എപ്പോൾ വേണമെങ്കിലും സെമിത്തേരി സന്ദർശിക്കാൻ ആരും ഭയപ്പെടേണ്ടതില്ല.

✍️ പാസ്റ്റർ വെസ്ലി ജോസഫ്‌

You might also like