“ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് ക്രിസ്തുവില്‍”: ദേശീയ കിരീടം സ്വന്തമാക്കിയ ഒക്ലഹോമ സര്‍വ്വകലാശാല ടീം
ഒക്ലഹോമ: തുടര്‍ച്ചയായ മൂന്നാം ദേശീയ കിരീട നേട്ടത്തിലും ക്രിസ്തുവിന് നന്ദിയര്‍പ്പിച്ച് ഒക്ലാഹോമ സര്‍വ്വകലാശാലയിലെ വനിത സോഫ്റ്റ്‌ബോള്‍ ടീം. ഒക്ലഹോമ സിറ്റിയിലെ യു.എസ്.എ സോഫ്റ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിം സ്റ്റേഡിയത്തില്‍വെച്ച് നടന്ന വിമന്‍സ് കോളേജ് വേള്‍ഡ് സീരീസില്‍ ഫ്ലോറിഡയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു വനിതാ സോഫ്റ്റ്‌ബോള്‍ ടീം മൂന്നാം കിരീടം കരസ്ഥമാക്കിയത്. ടീമിന്റെ മുഖ്യ പരിശീലകനായ പാറ്റി ഗാസ്സോയും ടീമംഗങ്ങളില്‍ ചിലരും അടിയുറച്ച ക്രിസ്ത്യാനികളാണ്. തങ്ങളുടെ ക്രിസ്തീയ വിശ്വാസം തുറന്നു പറയുവാന്‍ മടിക്കാത്ത അവര്‍ കിരീട നേട്ടത്തിന് പിന്നാലേ ക്രിസ്തീയ പ്രഘോഷണവുമായി രംഗത്തുവരികയായിരിന്നു. തങ്ങള്‍ ക്രിസ്തുവിലാണ് ആനന്ദം കണ്ടെത്തുന്നതെന്നു ഇക്കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍വെച്ച് ടീമംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എങ്ങനെയാണ് നിങ്ങള്‍ക്ക് നിങ്ങളുടെ സമ്മര്‍ദ്ധത്തെ കീഴടക്കുവാനും, സന്തോഷത്തില്‍ കഴിയുവാനും കഴിയുന്നത്? എന്ന ‘ഇ.എസ്.പി.എന്‍’ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, “ഒരിക്കലും മങ്ങാത്ത സന്തോഷം ഞങ്ങള്‍ക്ക് ലഭിച്ചത് കര്‍ത്താവില്‍ നിന്നാണെന്നും സാഹചര്യങ്ങളില്‍ നിന്നും, ഫലങ്ങളില്‍ നിന്നും ലഭിക്കുന്നതാണ് മറ്റ് സന്തോഷങ്ങളെന്നുമായിരിന്നു” ടീം ക്യാപ്റ്റനായ ഗ്രേസ് ല്യോണ്‍സിന്റെ മറുപടി. നമുക്ക് പ്രോത്സാഹനം തരുന്നതും, എന്തൊക്കെ വന്നാലും നമുക്ക നേര്‍ബുദ്ധി കാണിച്ചു തരുന്നതും കര്‍ത്താവില്‍ നിന്നുള്ള ആനന്ദം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടീമംഗമായ ജെയ്ഡ കോള്‍മാനും ഇതിനോട് യോജിച്ച് രംഗത്തുവന്നു. തന്റെ ആദ്യ കോളേജ് വര്‍ഷത്തില്‍ വിമന്‍സ് കോളേജ് വേള്‍ഡ് സീരീസ് വിജയിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടായിരുന്നെങ്കിലും അതില്‍ ആനന്ദം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ലായെന്നും കോള്‍മാന്‍ പറഞ്ഞു. “അടുത്ത ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് വന്ന ആഴ്ചയിലും എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരു പൂര്‍ണ്ണത തോന്നിയില്ല, എനിക്ക് ക്രിസ്തുവിനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു” – കോള്‍മാന്‍ പറയുന്നു. മത്സരത്തിനിടയില്‍ ടീമിന്റെ കണ്ണുകള്‍ ഉയര്‍ത്തുന്ന ആംഗ്യം ഞങ്ങളുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ടീമിന്റെ ഇന്‍ഫീല്‍ഡറായ അലീസ ബ്രിട്ടോ പറയുന്നു.
നല്ലതായാലും, ചീത്തയായാലും ഫലത്തില്‍ നമുക്ക് പൂര്‍ണ്ണത ലഭിക്കില്ലെന്നും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരവസരമാണ് ഈ ഗെയിം നല്‍കുന്നതെന്നും ബ്രിട്ടോ പറഞ്ഞു. “ഞാന്‍ യേശുവിലേക്ക് തിരിഞ്ഞു കഴിഞ്ഞപ്പോള്‍, യേശുവുമായുള്ള ബന്ധം വഴി ജീവിതത്തേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എല്ലാം മാറി. അവന്റെ രാജ്യത്തെ മഹത്വപ്പെടുത്തുവാനാണ് ഞാന്‍ ജീവിക്കുന്നത്. ഞങ്ങള്‍ക്ക് ട്രോഫി ലഭിക്കുകയോ, ലഭിക്കാതിരിക്കുകയോ ചെയ്യട്ടെ, ഞങ്ങള്‍ക്ക് അതിലും വലുതുണ്ട്, ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പിതാവിന്റെ നിത്യമായ ആനന്ദം ഞങ്ങള്‍ക്കുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് ബ്രിട്ടോ അവസാനിപ്പിച്ചത്.