ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം

0

ലണ്ടന്‍: ഭരണകൂട ഭീകരതയുടെ ഇരയായി വേട്ടയാടപ്പെട്ട് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം. ബ്രിട്ടനിലെ ജെസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തിലായിരിന്നു പ്രതിഷേധ ധര്‍ണ്ണ. #StandWithStan എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു മാർച്ച്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഭീകരവാദം ആരോപിച്ച് ഇന്ത്യൻ കസ്റ്റഡിയിലിരിക്കെയാണ് ഫാ.സ്റ്റാൻ മരിച്ചതെന്ന് ജെസ്യൂട്ട്സ് ഇന്‍ ബ്രിട്ടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കുറ്റാരോപിത സ്ഥാനത്ത് നിന്നു ഫാ. സ്റ്റാന്‍ സ്വാമിയെ നീക്കം ചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു ജെസ്യൂട്ട് നേതൃത്വം നിവേദനവും കൈമാറിയിട്ടുണ്ട്.

ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയവേ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമാണ് ഫാ. സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ 8-ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും കള്ളകേസ് ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത വൈദികനെ യു.പി.എ ചുമത്തി നവി മുംബൈയിലെ തലോജ ജയിലിലടക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങള്‍ പല പ്രാവശ്യം ചൂണ്ടിക്കാണിച്ചുവെങ്കിലും കോടതിയില്‍ നിന്ന്‍ വരെ നീതി നിഷേധമുണ്ടായി. പരസഹായം കൂടാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചു.

നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ 2021 മെയ് 29നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയ നിഷേധിക്കപ്പെട്ടു ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്വരമായിരിന്ന ഫാ. സ്റ്റാന്‍ മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

You might also like