ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി

0

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ അധിവസിച്ചിരുന്ന വൈരമണി ഗ്രാമം തെളിഞ്ഞത്.

അക്കാലത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. അണക്കെട്ട് പൂര്‍ത്തിയായതോടെയാണ് അറക്കുളം പഞ്ചായത്തിലെ ഈ ഗ്രാമം വെള്ളത്തില്‍ മറഞ്ഞത്.

സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ ഗ്രാമങ്ങളുടെ വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. കുളമാവില്‍നിന്നു കട്ടപ്പനയ്ക്ക് പോകുന്നവരുടെ ഇടത്താവളവുമായിരുന്നു. തൊടുപുഴയില്‍നിന്ന് കൂപ്പ്റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങള്‍ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണ് കട്ടപ്പനയിലേക്കു പോയിരുന്നത്. 1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോഴാണ് വൈരമണി വിസ്മൃതിയിലായത്. അണക്കെട്ട് നിര്‍മാണത്തിനായി പ്രദേശത്തെ കുടുംബങ്ങളെ മറ്റിടങ്ങളിലേക്ക് കുടിയിരുത്തി. ഒരു കുടുംബത്തിന് മൂന്നേക്കര്‍ വീതം സ്ഥലമാണ് നല്‍കിയത്.

വൈരമണിയിലെത്താൻ കുളമാവില്‍നിന്ന് റിസര്‍വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. ഇപ്പോള്‍ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ പ്രത്യക്ഷമായി.

You might also like