3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി

0

ജര്‍മ്മനിയില്‍ 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി
ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ ഒരു കുഴിമാടത്തില്‍നിന്നും 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെടുത്തു.

ബിസി പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (വെങ്കല യുഗം) നിര്‍മ്മിച്ച വാളാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വാളുകള്‍ അപൂര്‍വ്വമാണിന്ന്.

യാതൊരുവിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന്റെ തിളക്കവും നഷ്ടപ്പെട്ടിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം അടക്കം ചെയ്ത കുഴിയില്‍നിന്നാണ് വാള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞയാഴ്ച ജര്‍മ്മനിയിലെ ബവേറിയ പ്രദേശത്തെ ഹോര്‍ഡിലിങ് പട്ടണത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് വാള്‍ കണ്ടെടുത്തത്. വാള്‍ ഇപ്പോഴും ഉപയോഗപ്രദമാണെന്ന് പുരാവസ്തു ഗവേഷകന്‍ പറഞ്ഞു. പൂര്‍ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച അഷ്ടഭുജയാകൃതിയിലുള്ള വാളാണിത്. ഇത്തരത്തിലുള്ള വാളുകള്‍ വളരെ അപൂര്‍വ്വമാണ്.

വാളിന്റെ പിടിയില്‍ കൊത്തുപണികളും ചെയ്തിട്ടുണ്ട്. പുരുഷന്റെ മൃതദേഹത്തോട് ചേര്‍ന്ന നിലയിലാണ് വാള്‍ കണ്ടെത്തിയത്. ഈ കുടുംബം സൈനിക കുടുംബമാണോ, അതോ അന്നത്തെ അധികാരികളില്‍ ആരെങ്കിലും ആണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

വാള്‍ ബവേറിയയില്‍ത്തന്നെ നിര്‍മ്മിച്ചതാണോ അതല്ലെങ്കില്‍ ഇറക്കുമതി ചെയ്തതാണോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വാളുകള്‍ ജര്‍മ്മനിയിലെ മൂന്ന് പ്രധാന വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. ഒന്ന് തെക്കന്‍ ജര്‍മ്മനിയിലും മറ്റുള്ളവ ഡെന്‍മാര്‍ക്കിലും വടക്കന്‍ ജര്‍മ്മനിയിലുമായരുന്നു.

ഇപ്പോള്‍ കിട്ടിയ വാള്‍ എവിടെനിന്ന് നിര്‍മ്മിച്ചതാണെന്ന് കൂടുതല്‍ പരിശോധനയില്‍ മാത്രമേ വ്യക്തമാകുവെന്നും പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

You might also like