ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികള്‍ കണ്ടത് അടിച്ചുബോധംപോയി കിടക്കുന്ന വൈദികനേയും കൂട്ടുകാരേയും; പള്ളിമേടയില്‍ നിന്ന് പുറത്തിറക്കിയത് പോലീസ് എത്തി

0

കൊച്ചി: ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ എത്തിയ വിശ്വാസികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്ന് പള്ളിയും പള്ളിമേടയും. കുര്‍ബാനയ്ക്ക് സമയമായിട്ടും വൈദികനെ കാണാതെ വന്നതോടെ തിരക്കിയെത്തിയ വിശ്വാസികള്‍ കാണുന്നത് പൂട്ടിക്കിടന്ന പള്ളിമേടയില്‍ മദ്യലഹരിയില്‍ ബോധമില്ലാതെ കിടക്കുന്ന വൈദികനെയും സുഹൃത്തുക്കളെയുമാണ്. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ വിശ്വാസികള്‍ പോലീസിനെ വിളിച്ചുവരുത്തുകയും പള്ളിമേട ബലമായി തുറക്കുകയുമായിരുന്നു. ഈ സമയം വൈദികനും കുറച്ച് ചെറുപ്പക്കാരും പള്ളിമേടയില്‍ നിന്ന് പുറത്തേക്ക് വന്നു. വൈദികന്റെ മുറി പരിശോധിച്ച വിശ്വാസികള്‍ കണ്ടത് ചിതറിക്കിടക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നു.

കൊച്ചി രൂപതയുടെ കീഴിലെ പള്ളുരുത്തി ചെറിയ കവല കുതിരക്കൂര്‍-കരിയില്‍ ചാപ്പലിലാണ് സംഭവം. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വൈദികന്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വൈദികന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ ആകുകയും ചെയ്തു.

കൊച്ചി രൂപത ബിഷപ് വിദേശയാത്രയില്‍ ആയതിനാല്‍ രൂപതയും വൈദികനെതിരെ നടപടി എടുത്തിട്ടില്ല. ബിഷപ് മടങ്ങിവന്ന ശേഷമായിരിക്കും സഭാതലത്തിലുള്ള നടപടി. വിശ്വാസികളുടെ പ്രതിഷേധവും പോലീസ് കാവലില്‍ വൈദികനേയും ഏതാനും ചെറുപ്പക്കാരെയും പള്ളിമേടയില്‍ നിന്ന് പുറത്തിറക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഈ വൈദികന്‍ പള്ളിയില്‍ ചാര്‍ജ് എടുത്തതു മുതല്‍ പലപ്പോഴും മദ്യപാന പാര്‍ട്ടികള്‍ നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുറത്തുനിന്നെത്തുന്ന കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സംഗീതവും മദ്യപാനവും ചേര്‍ന്നുള്ള ആഘോഷം. ലഹരിമരുന്നിന്റെ ഉപയോഗവും ഇവര്‍ക്കിടയിലുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

You might also like