ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റലൈസേഷൻ സാധ്യമാക്കും: മന്ത്രി വീണാ ജോർജ്
ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും ലബോറട്ടറി നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഗുണഫലം സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 250 ആശുപത്രികൾ പേപ്പർ രഹിത ആശുപത്രികളാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഈ രീതി പ്രവർത്തികമാക്കുമെന്നും
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ മികച്ച ചികിത്സാ രീതി നൽകുന്നതിന് നിർണ്ണയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് തല ഭിന്നശേഷി ലിസ്റ്റ് പ്രകാശനവും മന്ത്രി നിർവഹിച്ചു. ബ്ലോക്കിനു കീഴിലുള്ള എട്ടു പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരുടെ സമ്പൂർണ വിവരങ്ങൾ അടങ്ങുന്നതാണ് ലിസ്റ്റ്. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി ലിസ്റ്റ് തയ്യാറാക്കുന്നത്.
കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വിരമിച്ച പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ കുമാരിയെ ചടങ്ങിൽ ആദരിച്ചു. 64 വർഷം പഴക്കമുള്ള ആശുപത്രിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ മന്ത്രിക്ക് നിവേദനം നൽകി.
2018ലെ പ്രളയ ദുരിതാശ്വാസ പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം നവീകരിച്ചാണ് കുടുംബരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വിഹിതമായ 35 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതോടെ ആശുപത്രിയിലെ ഒ. പി. വിഭാഗം കൂടുതൽ ജനസൗഹൃദമാകും. മെച്ചപ്പെട്ട സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകും. കിടത്തി ചികിത്സ ഉൾപ്പെടെ സമഗ്ര ആരോഗ്യ പരിചരണം ഉറപ്പാക്കും. ബ്ലോക്ക് തല ആരോഗ്യ പ്രവർത്തനങ്ങളുടെ ഏകീകരണവും നടപ്പിലാകും.
മാത്യു കുഴൽനാടൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി. രോഹിണി, മൂവാറ്റുപുഴ ബ്ലോക്ക് ഡിവിഷൻ അംഗം ബെസ്റ്റിൻ ചേട്ടൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ റിയാസ് ഖാൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ രമ രാമകൃഷ്ണൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ മേഴ്‌സി ജോർജ്, ബ്ലോക്ക് അംഗങ്ങളായ കെ. ജി. രാധാകൃഷ്ണൻ, സിബിൾ ബാബു, ഒ. കെ. മുഹമ്മദ്, ജോസിജോളി വട്ടാക്കുടി, ഷിവാഗോ തോമസ്, റീന സജി, ബിനി ഷൈമോൻ, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.ആശ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.കെ. രതി, മെഡിക്കൽ ഓഫീസർ ഡോ. കെ.സി.ചാക്കോ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.