മിസോറാമിലേക്ക് സുരക്ഷിതസ്ഥാനം തേടി എത്തിയത് പതിനായിരത്തിലേറെ മണിപ്പൂരികൾ
ഐസ്വാൾ: വംശീയകലാപം തുടരുന്ന മണിപ്പുരിൽ നിന്നും അയൽസംസ്ഥാനമായ മിസോറാമിലേക്ക് സുരക്ഷിതസ്ഥാനം തേടിയെത്തിയത് 12,000ത്തിലേറെ പേർ. മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ട മെയ് മൂന്നുമുതൽ ഇപ്പോഴും അതിർത്തികടന്ന് മിസോറാമിലേക്ക് മണിപ്പൂരികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ആളുകൾ കൂട്ടത്തോടെ വരാനാരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മിസോറാം സർക്കാർ. അഭയം തേടിയെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകണമെങ്കിൽ ഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാരിനോട് മിസോറാം ആവശ്യപ്പെടുന്നത്. 10 കോടി നൽകണമെന്നാണ് മിസോറാം സർക്കാരിന്റെ ആവശ്യം.
ധനസഹായം ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ മേയ് ആദ്യം തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനത്തെ മന്ത്രി റോബര്‍ട്ട് റോയിറ്റിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി സന്ദര്‍ശിച്ചു. ആവശ്യം പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കാനിരിക്കുകയാണ് മിസോറാം സർക്കാർ. സുരക്ഷിത സ്ഥാനം തേടിയെത്തുന്നവരെ ചേർത്തുനിർത്താനായി ഇതുവരെ ഒരു ധനസഹായവും ലഭ്യമായിട്ടില്ല. സംസ്ഥാനത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും ഫണ്ട് ഉപയോഗിച്ചാണ് ഇതുവരെ മണിപ്പൂരിൽ നിന്നെത്തിയവരെ സഹായിക്കാന്‍ സാധിച്ചത്. മിസോറാമിലെ സ്‌കൂളുകളില്‍ മണിപ്പൂരിൽനിന്നുള്ള ധാരാളം കുട്ടികളെ പ്രവേശിപ്പിച്ച് കഴിഞ്ഞു. ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും എല്ലാം ഇതുവരേയും നൽകി. ഇനി മുന്നോട്ടുപോകണമെങ്കിൽ കേന്ദ്ര ധനസഹായം കൂടിയേതീരു” – മിസോറാം ആഭ്യന്തര കമ്മീഷണര്‍ എച്ച് ലാലെങ്മാവിയ പറഞ്ഞു.