‘സ്റ്റാർ വാഴ്സ്’ ആവേശമായി: എലിസബത്ത് രാജ്ഞിയെ ലക്ഷ്യമിട്ട സിക്ക് യുവാവ് തേടിയത് പ്രതികാരം

0

എലിസബത്ത് രാജ്ഞിയെ ആക്രമിക്കാൻ ചൂണ്ടുവില്ലുമെടുത്തു 2021ൽ വിൻഡ്‌സർ കൊട്ടാരത്തിന്റെ മുന്നിൽ എത്തിയ ബ്രിട്ടീഷ് സിക്ക് യുവാവിന്റെ ലക്‌ഷ്യം പ്രതികാരം ആയിരുന്നുവത്രേ. 1919ൽ പഞ്ചാബിലെ ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷ് പട്ടാളം സിക്കുകാരെ കൂട്ടക്കൊല ചെയ്തതിനു പകരം വീട്ടാനാണ് ജസ്വന്ത് സിംഗ് ചൈൽ (21)   ലക്ഷ്യമിട്ടതെന്നു ബുധനാഴ്ച ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി ബുധനാഴ്ച കേട്ടു.

‘സ്റ്റാർ വാഴ്സ്’ സിനിമയിൽ നിന്നാണ് ആവേശം ഉൾക്കൊണ്ടതെന്നു   ‘ഇന്ത്യൻ സിക്ക്’ എന്നു സ്വയം വിശേഷിപ്പിച്ച  ചൈൽ പറഞ്ഞു. ചിത്രം കണ്ടു സിത്ത്, ഡാർത്ത് ജോൺസ്‌ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെ ആരാധകനായി മാറിയത്രേ ചൈൽ.

ക്രിസ്തുമസ് ദിനത്തിലാണ് ചൈൽ കൊട്ടാരമുറ്റത്തു എത്തിയത്. കുറ്റം സമ്മതിച്ച അയാളുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി.

സ്വയം നിയന്ത്രിക്കാൻ കഴിയാത്ത മാനസികാവസ്ഥ യുവാവിനു ഉണ്ടായിരുന്നോ എന്ന വിഷയം പരിഗണിക്കണമെന്നു പ്രോസിക്യൂട്ടർ അലിസൺ മോർഗൻ പറഞ്ഞു. പഴയ സാമ്രാജ്യങ്ങളെ നശിപ്പിക്കുക എന്ന ആശയം അയാൾക്കു ഉണ്ടായിരുന്നു. ‘സ്റ്റാർ വാഴ്സ്’ ആണ് പ്രചോദനമെന്നു അയാൾ പറയുന്നു.

“ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കുക എന്ന ആശയം അയാൾക്കുണ്ടായിരുന്നു. അതിനു രാജകുടുംബത്തിന്റെ മേധാവിയെ വധിക്കണം എന്നു യുവാവ് തീരുമാനിച്ചു.

“സ്റ്റാർ വാഴ്സ് സ്വാധീനം അയാളുടെ മേൽ ഭാഗികമായി ഉണ്ടായിരുന്നു. ലക്‌ഷ്യം സാധിച്ചാൽ ലഭിക്കുന്ന കുപ്രസിദ്ധി അയാൾക്കു ആകർഷണമായി. രാജ്ഞിയോട് അടുത്ത് നില്ക്കാൻ കഴിയുന്ന ജോലികൾക്കു അയാൾ അപേക്ഷിച്ചു.

“രാജ്ഞിയെ കിട്ടിയില്ലെങ്കിൽ അയാൾ രാജകുമാരനെ ലക്‌ഷ്യം വയ്ക്കാൻ സാധ്യത ഉണ്ടായിരുന്നു.”

നൈലോൺ ചരട് ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ മുറ്റത്തേക്ക് എത്തിയത്. തലയും മുഖവും മറച്ചിരുന്നു. ചൂണ്ടു വില്ലിനു മാരകമായി പരുക്കേൽപിക്കാൻ കഴിവുണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

യുവാവിന്റെ ശിക്ഷ വ്യാഴാഴ്ചത്തേക്കു പ്രഖ്യാപിക്കാൻ വച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വച്ചു. പ്രതിയെ മനോരോഗ ആശുപത്രിയിൽ റിമാൻഡ് ചെയ്‌തു.

You might also like