ഭൂമിക്കടിയിൽ നിന്നും മുഴക്കം; കാരണം ഇതാണ്; ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി
സംസ്ഥാനത്ത് പലയിടത്തും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും, മറ്റ് ശബ്ദങ്ങളും പുറത്തുവരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിലയിടത്ത് നേരിയ ഭൂചലനം പോലെയും അനുഭവപ്പെട്ടതായി പറയുന്നുണ്ട്. സമീപ ദിവസങ്ങളിൽ കാസർഗോഡ്, കോട്ടയം, തൃശൂർ അടക്കമുള്ള ചില ജില്ലകളിൽ നിന്നുമാണ് ഇത്തരം സഭവങ്ങൾ അറിയിച്ചത്.
ഇതിന്റെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് സാധ്യതയെന്നവരെ അതിൽ പറയുന്നു. പലയിടത്തും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നതരത്തിലാണ് നിഗമനങ്ങൾ വരുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നതെന്നാണ് വിശദീകരണം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കുറിപ്പ്;
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമോന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നു ഉള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്.