മാര്‍പ്പാപ്പയുടെ സന്ദര്‍ശനച്ചെലവിനെതിരെ കലാകാരന്‍: വേദിയില്‍ നോട്ടുകള്‍ കൊണ്ട് പരവതാനി വിരിച്ച്‌ പ്രതിഷേധം

0

പോര്‍ച്ചുഗീസ് സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ അമിത പണം ചിലവഴിച്ചെന്നാരോപിച്ച്‌ പോര്‍ച്ചുഗീസ് കലാകാരന്‍ രംഗത്ത്.

പോര്‍ച്ചുഗലിലെ പ്രശസ്ത തെരുവ് കലാകാരനായ ബോര്‍ഡാലോ ആണ് മാര്‍പ്പാപ്പയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഭീമമായ തുക മുടക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ബോര്‍ഡാലോയുടെ പ്രതിഷേധം.സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ലിസ്ബണിലെ വേദിയില്‍ അതിക്രമിച്ചു കയറിയാണ് ഇയാള്‍ തന്റെ പ്രതിഷേധം അറിയിച്ചത്. വേദിയില്‍ ഭീമന്‍ നോട്ടുകളുടെ വലിയ പരവതാനി വിരിച്ചായിരുന്നു ബോര്‍ഡാലോ ഇതിനെതിരെ പ്രതികരിച്ചത്.

ഓഗസ്റ്റ് 2 മുതല്‍ 6 വരെയാണ് ലിസ്ബണില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. കത്തോലിക്കരുടെ ലോക യുവജനദിന ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ആണ് മാര്‍പ്പാപ്പ പോര്‍ച്ചുഗലില്‍ എത്തുന്നത്. ചടങ്ങുകളില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ലിസ്ബണില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലി. ഈ ചടങ്ങ് നടക്കുന്ന വേദിയിലാണ് ബോര്‍ഡാലോ നോട്ടുകളുടെ പരവതാനി വിരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ ജീവിക്കാനായി പോരാട്ടം നടത്തുമ്ബോള്‍ ഇത്തരത്തിലുള്ള ധൂര്‍ത്ത് തീര്‍ത്തും അസംബന്ധമാണെന്നാണ് ബോര്‍ഡാലോയുടെ വാദം.

ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തിനായി സര്‍ക്കാരും കത്തോലിക്കാ സഭയും ലിസ്ബണിലെ സിറ്റി കൗണ്‍സില്‍ ഓഫ് ലിസ്ബണും ചേര്‍ന്ന് ചെലവഴിക്കുന്നത് 161 ദശലക്ഷം യൂറോ ആണെന്നാണ് ജനുവരിയില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കുര്‍ബാന അര്‍പ്പിക്കുന്ന ബലിപീഠത്തിനായി നീക്കിവെച്ചിരുന്ന 5 ദശലക്ഷം യൂറോയില്‍ നിന്ന് 2.9 ദശലക്ഷം യൂറോയായി കുറയ്ക്കാന്‍ ലിസ്ബണ്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

You might also like